ഇന്ത്യൻ കോൺസുലേറ്റ് സംഘം തബൂക്ക് സെൻട്രൽ ജയിലും തർഹീലും സന്ദർശിച്ചു
text_fieldsതബൂക്ക്: തബൂക്കിലെ സെൻട്രൽ ജയിൽ, തർഹീൽ (നാടു കടത്തൽ കേന്ദ്രം) എന്നിവിടങ്ങളിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശനം നടത്തി. കമ്മ്യൂണിറ്റി വെൽഫയർ വൈസ് കോൺസൽ സന്ദീപ് സിംഗ് കോൺസുൽ ഉദ്യോഗസ്ഥനായ അസിം അൻസാരി എന്നിവരാണ് തബൂക്കിലെ കോൺസുലേറ്റ് വെൽഫയർ അംഗവും (സി.സി.ഡബ്ലൂ.എ) പ്രവാസി വെൽഫയർ മേഖല കമ്മിറ്റി നേതാവുമായ സിറാജ് എറണാംകുളത്തിന്റെ കൂടെ സന്ദർശിച്ചത്. സെൻട്രൽ ജയിലിൽ കഴിയുന്ന ഒമ്പത് ഇന്ത്യക്കാരെ സംഘം സന്ദർശിക്കുകയും ഇവർക്ക് ജയിൽ മോചനത്തിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ ദിവസങ്ങളായി ജയിലിൽ കഴിയുന്നവരാണ് ഇവർ. പ്രതികൾ നിസ്സാര കുറ്റങ്ങൾ മാത്രം ചെയ്തവരാണെന്നും മോചനം ഉടൻ സാധ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ജയിൽ സന്ദർശനത്തിന് ശേഷം സംഘം തബൂക്കിലെ തർഹീലും സന്ദർശനം നടത്തി. 17 ഇന്ത്യക്കാർ ആണ് ഇവിടെ നാട്ടിലേക്ക് മടങ്ങാനുള്ളതെന്നും ഇവരിൽ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കാത്ത ഒമ്പത് പേരുടെ രേഖകൾ കോൺസുലേറ്റ് സംഘം ശരിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള വഴിയൊരുക്കി. ഡിപ്പോർട്ടേഷൻ സെന്ററിലുള്ള എല്ലാ ഇന്ത്യക്കാരും അടുത്ത ദിവസങ്ങളിലായി നാടണയുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ഇവരിൽ നിലവിൽ മലയാളികൾ ആരുമില്ലെന്നത് ഏറെ ആശ്വാസമാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന സാമൂഹിക പ്രവർത്തകൻ സിറാജ് എറണാംകുളം 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു.
തർഹീൽ മേധാവി അബൂ ഖാലിദ്, ജവാസാത്ത് മേധാവി അബ്‌ദുറഹ്‌മാൻ ബിൻ ഹദ്‌യാൻ അൽ ബൽവി, സെൻട്രൽ ജയിൽ മേധാവി, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ഇന്ത്യക്കാർക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും അനുഭാവപൂർവം നൽകി. ജയിലിലും തർഹീലിലും മറ്റുമായി കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ സഹായങ്ങളും തുടർന്നും നൽകാമെന്ന് കോൺസുലേറ്റ് സംഘത്തിന് അവർ ഉറപ്പു നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.