ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം: ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി
text_fieldsറിയാദ്: ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം സൗദി അറേബ്യയിൽ ആരംഭിക്കണമെന്ന പ്രവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. 25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദിയിൽ എന്തുകൊണ്ട് ഇതുവരെ ഒരു സാംസ്കാരിക കേന്ദ്രം ഇല്ലെന്നതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്നുദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയ അദ്ദേഹം ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ പ്രവാസികൾക്കായി ഇത്തരത്തിൽ ഒരു സാംസ്കാരിക കേന്ദ്രമോ വേദിയോ സൗദിയിലുണ്ടോ എന്ന് മന്ത്രി സദസ്സിനോട് ആരാഞ്ഞു. എംബസി ഓഡിറ്റോറിയം അല്ലാതെ മറ്റൊരു പൊതുവേദി ഇല്ലെന്ന് അവർ വ്യക്തമാക്കി. തുടർന്നാണ് ഈ ആവശ്യം പരിഗണിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞത്.
സൗദി മന്ത്രിതല കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. ഞായറാഴ്ച റിയാദിൽ മന്ത്രി പങ്കെടുത്ത പ്രധാന യോഗങ്ങളിലൊന്ന് ഇന്ത്യ-സൗദി സാംസ്കാരിക സഹകരണത്തിനുള്ള വർക്കിങ് ഗ്രൂപ്പിന്റേതായിരുന്നു. അതിൽ ഇക്കാര്യം മന്ത്രി ഡോ. എസ്. ജയ്ശങ്കർ സൂചിപ്പിച്ചതായാണ് വിവരം.
കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) മേൽനോട്ടത്തിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രങ്ങൾ 38 രാജ്യങ്ങളിൽ നിലവിലുണ്ടെന്ന് വിഷയം മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച ഇന്റർനാഷനൽ യോഗ ക്ലബ് പ്രതിനിധി സതീഷ് ദീപക് ചൂണ്ടിക്കാട്ടിയിരുന്നു.
51 രാജ്യങ്ങളിൽ ഇന്ത്യൻ ചെയറുകളും (സെന്റർ ഫോർ എക്സലൻസ്) ഐ.സി.സി.ആറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനായുള്ള ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
ഇന്ത്യൻ പാരമ്പര്യ കലകൾ, സംഗീതം, നൃത്തങ്ങൾ, വാദ്യകലകൾ, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അധ്യാപകർ, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികൾ, ഇന്ത്യയിൽനിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികൾ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നത്.
ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാൽ ഇന്തോ-സൗദി നയതന്ത്ര രംഗങ്ങളിലും, കലാ-സാംസ്കാരിക ഉഭയ സഹകരണത്തിലും വലിയ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ഇരു രാജ്യങ്ങളുടെയും സാംസ്കാരിക വിനിമയം എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.