പ്രവാസികളോടുള്ള ആകാശ ചതികൾ അവസാനിപ്പിക്കണം -ഐ.സി.എഫ്
text_fieldsജുബൈൽ: വ്യോമയാനരംഗത്ത് പ്രവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരന്തരമായ അവഗണനക്കും ചൂഷണങ്ങൾക്കുമെതിരെ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജുബൈൽ സെൻട്രൽ കമ്മിറ്റി ‘അവസാനിക്കാത്ത ആകാശ ചതികൾ’ എന്ന പ്രമേയത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിമാനങ്ങളുടെ ഷെഡ്യൂൾ മാറ്റവും കാൻസലേഷനും പ്രവാസി സമൂഹത്തിന് മാനസികവും സാമ്പത്തികവുമായ വലിയ നഷ്ടങ്ങളാണ് സമ്മാനിക്കുന്നത്. ഗൾഫ് മേഖലയിലേക്ക് വരുന്ന പ്രവാസികളിൽ 80 ശതമാനവും ഉപജീവനമാർഗം തേടിവരുന്ന സാധാരണക്കാരായ പ്രവാസികളാണ്. ഇത്തരം പ്രവാസികളാണ് ഈ ആകാശ ചതികൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.
വിമാനം റദ്ദാക്കുന്ന അതിലൂടെ ജോലിയും വിസയും നഷ്ടപ്പെട്ട പ്രവാസികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാനുഷികമായ പരിഗണനയോ സമീപനമോ വിമാനകമ്പനികളുടെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നത് ഗൾഫ് സെക്ടറിലേക്കുള്ള യാത്രക്കാരോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. ഫെസ്റ്റിവൽ സമയങ്ങളിലെ എയർ ടിക്കറ്റ് ചാർജ് നാല് ഇരട്ടിയോളം വർധിക്കുന്ന സമീപനം സ്വീകരിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു.
ആവശ്യമായ തൊഴിലാളികളെ വിന്യസിപ്പിച്ചുകൊണ്ട് പ്രവാസികൾക്ക് ലഭിക്കേണ്ട പ്രശ്നങ്ങൾ യഥാവിധി പരിഹരിക്കണമെന്നും പ്രിയ മേഖലയിൽ പ്രവാസികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ വകവെച്ച് നൽകണമെന്നും ജനകീയ സദസ്സ് ആവശ്യപ്പെട്ടു. ഉമർ സഖാഫി മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം ഖാസിമി, അബ്ദുൽ ജലീൽ കൊടുവള്ളി, തോമസ് മാമൂടാൻ (മലയാളി സമാജം), ബൈജു അഞ്ചൽ, അഷറഫ് മൂവാറ്റുപുഴ (ഒ.ഐ.സി.സി), ഷംസുദ്ദീൻ പള്ളിയാളി (കെ.എം.സി.സി), എം. മുഹമ്മദലി (അക്ബർ ട്രാവൽസ്) എന്നിവർ പങ്കെടുത്തു. ഷഹീർ ഷാ സ്വാഗതവും സലീം നടുവട്ടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.