ഇന്ത്യന്‍ രോഗനിര്‍ണയ രീതി ഏറെ അഭികാമ്യം -ഡോ. അഷ്‌റഫ് അമീര്‍
text_fieldsജിദ്ദ: രോഗനിര്‍ണയത്തിന് അത്യാധുനിക യന്ത്രങ്ങളെയും സങ്കീര്‍ണ ഗവേഷണങ്ങളെയും കൂടുതലായും ആശ്രയിക്കുന്ന പാശ്ചാത്യരീതിയേക്കാള്‍ രോഗിയെ സ്പര്‍ശിച്ചും നിരീക്ഷിച്ചും രോഗം നിര്‍ണയിക്കുന്ന ഇന്ത്യന്‍ രീതി കൂടുതല്‍ അഭികാമ്യമായി അനുഭവപ്പെട്ടതായി ജിദ്ദ ഇന്‍റർനാഷനല്‍ മെഡിക്കല്‍ സെന്‍റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്‍റുമായ ഡോ. അഷ്‌റഫ് അമീര്‍ അഭിപ്രായപ്പെട്ടു. ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ജിദ്ദ നാഷനല്‍ ആശുപത്രിയുമായി ചേര്‍ന്ന് 'വിളക്കുമാടം മാടിവിളിക്കുന്നു' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ ഡയലോഗ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടറുടെ പ്രതിഭാശേഷിയും നൈപുണ്യവും കരസ്പർശവും സ്റ്റെതസ്‌കോപ്പും ഉപയോഗിച്ച് ഇന്ത്യയില്‍ പരിശീലിച്ച രോഗനിര്‍ണയരീതിയാണ് പില്‍ക്കാലത്ത് പിന്തുടര്‍ന്നുപോന്നതെന്ന് ബംഗളൂരുവിലെ അഞ്ചു വര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസകാലത്തെയും തുടര്‍ന്ന് അമേരിക്കയില്‍ നടത്തിയ ബിരുദാനന്തരബിരുദ പഠനകാലത്തെയും അനുഭവങ്ങള്‍ താരതമ്യം ചെയ്ത് ഡോ. അമീര്‍ പറഞ്ഞു. ആരോഗ്യ ജീവിതത്തിന് ഏറ്റവും മികച്ച കുറിപ്പടിയാണ് റമദാൻ. ശാരീരിക, മാനസിക, ആത്മീയ, സാമൂഹിക ആരോഗ്യം ഒരുമിച്ച് കരഗതമാക്കാന്‍ വ്രതം വിശ്വാസിയെ പ്രാപ്തനാക്കുന്നു.
ദുര്‍ബലനായ വിശ്വാസിയെ അപേക്ഷിച്ച് കരുത്തനായ വിശ്വാസിയാണ് സ്രഷ്ടാവിന്‍റെയടുക്കല്‍ ഏറ്റവും മികച്ചവനും പ്രിയങ്കരനുമെന്ന പ്രവാചകവചനം അന്വര്‍ഥമാക്കാന്‍ വ്രതാനുഷ്ഠാനം സാധ്യമാക്കുന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യപ്രഭാഷണം നടത്തി. ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖനി മേഖലയില്‍ ജനിച്ചുവളര്‍ന്ന തന്‍റെ കുട്ടിക്കാലത്തെ നോമ്പനുഭവങ്ങള്‍ ഷാഹിദ് ആലം വിവരിച്ചു. ഗ്രാമത്തില്‍ നോമ്പ് തുറക്കാന്‍ ബാങ്കുവിളി കേള്‍ക്കുമായിരുന്നില്ല. പിതാമഹന്‍ വാച്ചില്‍ നോക്കി സമയമായെന്ന് അറിയിച്ചയുടന്‍, ഞങ്ങള്‍ കുട്ടികള്‍ ചുറ്റുവട്ടത്തിലും ഓടി ഉച്ചത്തില്‍ വിളിച്ചുപറയുമായിരുന്നു.
ഇതുകേട്ടാണ് അയല്‍വാസികള്‍ നോമ്പ് തുറന്നിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായമേകാന്‍ പുണ്യമാസത്തില്‍ ഇന്ത്യന്‍ സമൂഹം മുന്നോട്ടു വരണമെന്ന് ഷാഹിദ് ആലം അഭ്യര്‍ഥിച്ചു. ജിദ്ദ നാഷനല്‍ ആശുപത്രി ചെയര്‍മാന്‍ വി.പി. മുഹമ്മദലി ആമുഖ പ്രഭാഷണം നടത്തി. ജി.ജി.ഐ പ്രസിഡന്‍റ് ഡോ. ഇസ്മാഈല്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ജെ.എന്‍.എച്ച് വൈസ് ചെയര്‍മാന്‍ വി.പി. അലി മുഹമ്മദലി നന്ദിയും പറഞ്ഞു. ഇംറാന്‍ ഖാന്‍ ഖിറാഅത്ത് നടത്തി. ഇന്ത്യന്‍ സമൂഹത്തിൽനിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.