ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലേക്ക്
text_fieldsബുറൈദ: ഉനൈസയിലെ താമസസ്ഥലത്ത് ഹൃദയഘാതം മൂലം മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാൻ വഴിയൊരുങ്ങി. കർണാടക, മംഗലാപുരം മാരുതി സേവാനഗർ സ്വദേശിയായ ഡോ. സതീഷ് റോമ്യൂറോ സിൽവസ്റ്ററിെൻറ (48) മൃതദേഹമാണ് വെള്ളിയാഴ്ച റിയാദിൽ നിന്ന് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസം ബുറൈദയിൽ നിന്നെത്തിച്ച മൃതദേഹം റിയാദിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉനൈസ കിങ് സഉൗദ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലായിരുന്നു ജോലി. ഒക്ടോബർ 23ന് വീട്ടിൽ വെച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്.
രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് ജോലിക്കായി ഉനൈസയിലെത്തിയത്. താമസസ്ഥലത്തെ റൂമിൽ ഒറ്റക്കായിരുന്നു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായതിനാൽ വളരെ വൈകിയാണ് മരണവിവരം പുറത്തറിഞ്ഞത്. ഭാര്യ നിരന്തരമായി നാട്ടിൽ നിന്നും വിളിച്ചപ്പോൾ ഫോണിൽ കിട്ടാതിരുന്നതിനാൽ ആശുപത്രിയെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു.
ഒടുവിൽ പൊലീസെത്തി വീടിെൻറ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഈ കാരണത്താലാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾക്ക് കാലതാമസമുണ്ടായത്.
ഭാര്യ: ഡോ. അനിത സിൽവസ്റ്റർ (കോസ്മോ പൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം), ജോഷ്വ (13), റോഹൻ (10) എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത് എച്ച്.വൈ.ക്യൂ കാർഗോ ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ഹരിലാൽ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.