ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം
text_fieldsറിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത് അംബാസഡേഴ്സ് ചോയ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നവംബർ 24 മുതൽ ഡിസംബർ 16 വരെ നടക്കുന്ന മേളയിൽ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികൾ പ്രദർശിപ്പിക്കും. റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്ടർ മിഷാൽ അൽസാലെഹ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയിൽ സന്നിഹിതരായി.
ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റർ വിശിഷ്ടാതിഥികൾ ചേർന്ന് പ്രകാശനം ചെയ്തു. മേളയുടെ നടത്തിപ്പിൽ പങ്കാളിത്തം വഹിക്കുന്ന വിവിധ എംബസികളുടെ പ്രതിനിധികൾക്കും സൗദി അധികൃതർക്കും ഷാർഷെ ദഫെ എം.ആർ. സജീവ് തെൻറ പ്രസംഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിൽ ഒരു വർഷം 2000-ത്തിലേറെ സിനിമകൾ നിർമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തിറങ്ങൂന്ന ചലച്ചിത്രങ്ങളുടെ വാർഷിക കണക്കിൽ ലോകത്ത് ഇന്ത്യൻ സിനിമാ വ്യവസായം ഒന്നാം സ്ഥാനത്താണ്. സൗദിയിൽ സിനിമാ വ്യവസായം അടുത്തകാലത്ത് ഉദയം ചെയ്തതാണെങ്കിലും അത് ഇതിനകം തന്നെ ആഗോള തലത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചതായും സമീപ കാലത്ത് നിരവധി മികച്ച സിനിമകൾ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽജീരിയ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ക്യൂബ, ഫ്രാൻസ്, കസാഖിസ്താൻ, മെക്സികോ, നോർവേ, ഫിലിപ്പീൻസ്, സ്പെയിൻ, ശ്രീലങ്ക, സുഡാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചലച്ചിത്രമേളയുമായി സഹകരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, സൗദി പൗരന്മാർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ, മറ്റ് രാജ്യക്കാരായ പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 14 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
ഷംസ് അൽമാഅരിഫ്, ബ്രെയിലി കി ബർഫി, ഫ്രിഡ, അൺ ക്യുേൻറാ ചിനോ, ദി സഫയഴേസ്, ഹബാനസ്റ്റേഷൻ, യു വിൽ ഡൈ അറ്റ് ട്വൻറി, ഹോപ്പ്, ഡിലീഷ്യസ്, ബാർ ബോയ്സ് ഹസീന, എ ഡോട്ടേഴ്സ് ടെയിൽ, കോഡ, ഹീലിയോപൊളിസ്, ദി ന്യൂസ്പേപ്പർ എന്നീ സിനിമകളാണ് എംബസി ഓഡിറ്റോറിയത്തിൽ വിവിധ ദിവസങ്ങളിലായി പ്രദർശിപ്പിക്കപ്പെടുക. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തിെൻറയും 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതെന്ന് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.