ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ്
text_fieldsറിയാദ്: ഇന്ത്യൻ എംബസിയിൽ കാൽ നൂറ്റാണ്ട് സേവനം പൂർത്തിയാക്കി മലപ്പുറം കാക്കഞ്ചേരി സ്വദേശി യൂസുഫ് മടങ്ങുന്നു. അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉൾപ്പെടെ മുതിർന്ന ഉദ്യോസ്ഥരുടെ സാന്നിധ്യത്തിൽ എംബസി അങ്കണത്തിൽ ഒരുക്കിയ ചടങ്ങിൽ യാത്രയയപ്പ് നൽകി. അംബാസഡർ ഓർമഫലകം സമ്മാനിച്ചു.
മലയാളികൾ ഉൾപ്പെടെ സൗദിയിലെ ഇന്ത്യക്കാർക്ക് വേണ്ടി സദാ സേവനസന്നദ്ധനായിരുന്ന യൂസുഫ് വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നവർക്ക് നിയമാനുസൃത സഹായം ലഭ്യമാക്കാൻ കോടതിയിലും ജയിലുകളിലുമെത്താറുണ്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് 2006 മുതൽ നീണ്ട 18 വർഷം ജയിലിലും കോടതിയിലുമെല്ലാം എംബസിയുടെ പ്രതിനിധിയായി ഇടപെട്ടിരുന്നതും അദ്ദേഹമാണ്. മുൻ ഉപരാഷ്ട്രപതിയും സൗദിയിലെ ഇന്ത്യൻ അംബാസഡറുമായിരുന്ന ഹാമിദലി അൻസാരി, കമാലുദ്ദീൻ അഹ്മദ്, എം.ഒ.എച്ച്. ഫാറൂഖ്, തൽമീസ് അഹ്മദ്, ഹമീദ് അലി റാവു, അഹ്മദ് ജാവേദ്, ഡോ. ഔസാഫ് സഈദ്, ഡോ. സുഹൈൽ അജാസ്ഖാൻ എന്നീ അംബാസഡർമാരോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എംബസിയിലെ ചടങ്ങിൽ, വിരമിച്ച മറ്റ് ഉദ്യോഗസ്ഥരായ ശിവാങ് സിങ് റാവത്ത്, ദീപക് യാദവ്, റഈസ് അഹ്മദ്, ഷാബുദ്ദീൻ എന്നിവർക്കും യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.