ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അനിൽകുമാർ വിരമിച്ചു
text_fieldsറിയാദ്: ഒന്നരപ്പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം മലയാളി ഉദ്യോഗസ്ഥൻ അനിൽകുമാർ റിയാദിലെ ഇന്ത്യൻ എംബസിയിൽനിന്ന് വിരമിച്ചു.എംബസി പാസ്പോർട്ട് വിഭാഗത്തിലായിരുന്നു മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അനിൽകുമാർ കരുമാട്ട്.2006ലാണ് ഇദ്ദേഹം എംബസി കോൺസുലാർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.
പോണ്ടിച്ചേരി മുൻ മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്ന എം.ഒ.എച്ച്. ഫാറൂഖ് ആയിരുന്നു അന്ന് അംബാസഡർ. തുടർന്ന് തൽമീസ് അഹമ്മദ്, ഹാമിദലി റാവു, അഹമ്മദ് ജാവേദ്, ഡോ. ഔസാഫ് സഇൗദ് തുടങ്ങിയ അംബാസഡർമാരുടെ കീഴിൽ ജോലി ചെയ്യാൻ സാധിച്ചു.
റിയാദിലെ മലയാളി പ്രവാസി സമൂഹത്തിൽ അറിയപ്പെടുന്ന ഗായകൻ കൂടിയാണ് അനിൽകുമാർ.എംബസിക്കകത്തും പുറത്തും നടക്കുന്ന നിരവധി സാംസ്കാരിക പരിപാടികളിൽ ഹിന്ദി, മലയാളം ഭാവഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടി സംഗീതപ്രേമികളുടെ മനം കവർന്നിട്ടുണ്ട്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുംമ്നി അസോസിയേഷൻ റിയാദ് ചാപ്റ്ററിെൻറ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. കൂടാതെ ചെമ്മാട് റിയാദ് കൂട്ടായ്മ, യൂനിറ്റി തിരൂരങ്ങാടി കൂട്ടായ്മ തുടങ്ങിയവയുടെ ഭാരവാഹിത്വവും വഹിക്കുന്നു. റിയാദിൽ നടന്നിട്ടുള്ള നിരവധി സംഗീത മത്സരങ്ങളിൽ വിധികർത്താവ് ആയിട്ടുണ്ട്.
'ഗൾഫ് മാധ്യമം' 2019ൽ നടത്തിയ അഹ്ലൻ കേരള പരിപാടിയിൽ ചിത്ര പാട്ട് മത്സരപരിപാടിയിലും വിധികർത്താവായി. ഇന്ത്യൻ എംബസി ജീവനക്കാർ കഴിഞ്ഞദിവസം ഔദ്യോഗികമായ യാത്രയയപ്പ് നൽകി.
പ്രമുഖ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പരിപാടിയിൽ സംബന്ധിച്ചു.ജീവനക്കാരുടെയും അവരുടെ മക്കളുടെയും സംഗീത വിരുന്ന് പരിപാടിക്ക് മിഴിവേകി.
ജയലക്ഷ്മിയാണ് അനിൽകുമാറിെൻറ ഭാര്യ. മൂത്ത മകൻ അനന്തകൃഷ്ണൻ ചെന്നൈയിൽ എൻജിനീയറാണ്. മകൾ അഭിരാമി ജേണലിസം പഠനശേഷം സിവിൽ സർവിസ് പരീക്ഷയുടെ പരിശീലനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.