ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനം ചൊവ്വാഴ്ച മുതൽ
text_fieldsറിയാദ്: അത്യാവശ്യമായി പാസ്പോർട്ട് പുതുക്കുന്നത് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ ചൊവ്വാഴ്ച പുനരാരംഭിക്കും. സൗദി അറേബ്യയിൽ കർഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറം കരാർ ഏജൻസിയായ വി.എഫ്.എസ് ഗ്ലോബലിെൻറ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യൻ പാസ്പോർട്ട്, വിസ ആപ്ലിക്കേഷൻ കേന്ദ്രങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടില്ല. അതുകൊണ്ടാണ് അടിയന്തര പാസ്പോർട്ട് സേവനങ്ങൾക്കുവേണ്ടി എംബസിയുടെ റിയാദിലെ ആസ്ഥാനത്ത് സൗകര്യമൊരുക്കുന്നത്. അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർ എംബസിയിൽ നേരിെട്ടത്തിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാനെത്തുന്നവരുടെ ആൾക്കൂട്ടം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ സമൂഹ അകല പാലനം ഉൾപ്പെടെ ആവശ്യമായ എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കണം. കർശന നിബന്ധനകളാണ് ഇതിനു നിശ്ചയിച്ചിട്ടുള്ളത്.
1. പാസ്പോർട്ട് പുതുക്കാനോ പുതിയത് എടുക്കാനോ ബന്ധപ്പെട്ട മറ്റു സേവനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിനു മുമ്പ് മുൻകൂർ അനുമതി തേടിയിരിക്കണം.
2. 920006139 എന്ന എംബസി കാൾ സെൻറർ നമ്പറിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് നാലിനും ഇടയിൽ വിളിച്ചാണ് അപ്പോയിൻറ്മെൻറ് നേടേണ്ടത്. അല്ലെങ്കിൽ info.inriyadh@vfshelpline.com എന്ന അഡ്രസിൽ മെയിൽ അയക്കണം. കാൾ സെൻറർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.
3. മുൻകൂർ അനുമതി വാങ്ങിയെത്തുന്ന അപേക്ഷകനെയല്ലാതെ മറ്റാരെയും എംബസിയിൽ പ്രവേശിപ്പിക്കില്ല. അപ്പോയിൻറ്മെൻറ് കിട്ടിയ തീയതിയിലും സമയത്തുംതന്നെ എംബസിയിലെത്തണം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും ഉച്ചക്ക് ശേഷം രണ്ടിനും ഇടയിൽ അപേക്ഷകൾ നൽകുകയും നടപടി പൂർത്തിയായ പാസ്പോർട്ട് തിരികെ വാങ്ങുകയും ചെയ്യാം.
4. അപേക്ഷകൻ മാസ്ക് ധരിച്ചിരിക്കണം.
5. കാലാവധി കഴിഞ്ഞതും ജൂൺ 30ന് മുമ്പ് കാലാവധി കഴിയുന്നതുമായ പാസ്പോർട്ടുകളുടെ ഉടമകൾക്കാണ് മുൻഗണന.
6. ഇതിൽ പെടാത്ത അത്യാവശ്യക്കാരുണ്ടെങ്കിൽ അവർ cons.riyadh@mea.gov.in എന്ന വിലാസത്തിൽ അടിയന്തര ആവശ്യം എന്താണെന്ന് വിശദീകരിച്ച്, അത് തെളിയിക്കുന്ന രേഖകൾ സഹിതം മെയിൽ അയക്കണം. അടിയന്തര സാഹചര്യം എന്താണെന്ന് പരിശോധിച്ച് പരിഹാരമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.