വ്യാജ വാഗ്‌ദാനങ്ങളിലൂടെ അധികാരത്തിലേറിയ ഇന്ത്യൻ ഫാഷിസം തകരാനുള്ളത് -ഹമീദ് വാണിയമ്പലം
text_fieldsപ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാഘടകം സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം സംസാരിക്കുന്നു
ദമ്മാം: വ്യാജമായ വാഗ്‌ദാനങ്ങളാൽ പ്രലോഭിപ്പിച്ച് വ്യത്യസ്ത ജാതിവിഭാഗങ്ങളെ കബളിപ്പിച്ച് മുന്നേറുന്ന ഇന്ത്യൻ ഫാഷിസം തകരാനുള്ളതാണെന്ന് ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയ വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാകമ്മിറ്റി ഒരുക്കിയ സൗഹൃദസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിരവധി സംസ്‌കാരങ്ങളെ ഇല്ലാതാക്കി ഏകശിലാസംസ്‌കാരത്തിലേക്ക് രാജ്യത്തെ ജനങ്ങളെ മാറ്റാൻ ശ്രമിക്കുകയാണ് ഹിന്ദുത്വശക്തികൾ. ഇത് ഇന്ത്യയുടെ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയുടെ ആത്മാവ് വ്യത്യസ്ത സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നതാണ്, തിരസ്‌കരിക്കുന്നതല്ല. മതന്യൂനപക്ഷങ്ങളെയും ദലിത് വിഭാഗങ്ങളെയും ശത്രുപക്ഷത്ത് നിർത്തി വ്യാജമായ രാഷ്ട്രസങ്കൽപ വാഗ്‌ദാനം നൽകി ഇപ്പോൾ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ആധികകാലം നിലനിർത്താൻ കഴിയില്ല.
ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കി അധികാരത്തിലേറിയ ഫാഷിസ്റ്റ് ശക്തികളെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് ഈ അവസരത്തിൽ അനിവാര്യമാണെന്നും ഡൽഹി തെരഞ്ഞെടുപ്പുഫലത്തെ ചൂണ്ടിക്കാണിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരികരംഗത്തുള്ള നിരവധിപേർ പങ്കെടുത്തു. പ്രസിഡൻറ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. കെ.എം. സാബിഖ് മോഡറേറ്റർ ആയിരുന്നു. ഷക്കീർ ബിലാവിനകത്ത് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.