‘പാസ്പോർട്ട് ടു ദ വേൾഡ്’; ഇന്ത്യൻ ഫെസ്റ്റിന് കൊടിയിറങ്ങി, രാഗേന്ദുകിരണങ്ങൾ ഒളിവീശി
text_fieldsഅൽ ഖോബാറിലെ ഇസ്കാൻ പാർക്കിൽ ഇന്ത്യൻ സാംസ്കാരികോത്സവത്തിൽ പങ്കുചേരാനെത്തിയ ആൾക്കൂട്ടം
ദമ്മാം: കഴിഞ്ഞ നാല് രാവുകളിൽ ഇന്ത്യൻ സംഗീതത്തിന്റെ രാഗേന്ദുകിരണങ്ങൾ ഒളിവീശിയപ്പോൾ മനസ്സാകെ നിറഞ്ഞ് പ്രവാസികൾ. നിലാവ് മെഴുകിയ മണിമുറ്റങ്ങളിൽ രാഗമഴയായി ഇന്ത്യക്കാരുടെ പ്രിയഗായകർ പെയ്തുനിറഞ്ഞപ്പോൾ ആഹ്ലാദാരവങ്ങളിൽ നനഞ്ഞ് ആയിരങ്ങൾ നൃത്തംവെച്ചു. അൽഖോബാറിലെ ഇസ്കാൻ പാർക്കിൽ നാലു ദിവസമായി അരങ്ങേറിയ ഇന്ത്യൻ സാംസ്കാരികോത്സവം നുകരാൻ ദേശഭേദമില്ലാതെ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.
വെള്ളിയാഴ്ച മാത്രം 60,000ത്തിലധികം ആളുകളെത്തിയെന്നാണ് കണക്ക്. സൗദി പ്രവാസത്തിന്റെ ചരിത്ര വിസ്മയങ്ങളിലേക്കാണ് അൽഖോബാറിലെ ഇസ്കാൻ പാർക്കിൽ അരങ്ങേറിയ നാല് ദിനങ്ങൾ അടയാളപ്പെടുത്തിയത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകരായ ജാവേദ് അലിയും അർമാൻ മാലിക്കും പ്രീതി ബെല്ലയും പൂജ കന്ദൽവാളും തീർത്ത സംഗീതരാവിൽ സ്വദേശി യുവസമൂഹമുൾപ്പടെ എല്ലാം മറന്ന് നൃത്തംവെച്ചു.
ഇത് സൗദി തന്നെയോ എന്നതായിരുന്നു ദീർഘകാലമായി പ്രവാസം തുടരുന്നവരുടെ ചോദ്യം. ചടുല സംഗീതത്തിന്റെ മാസ്മര ലഹരിയിൽ അമർന്ന് നൃത്തം ചവിട്ടുന്ന യുവസമൂഹത്തിന് മുന്നിൽ അവർ സർവം മറന്നുനിന്നു.
ഇന്ത്യൻ സംസ്കാരിക വൈിവധ്യങ്ങൾ അറിയാനും അനുഭവിക്കാനും സ്വദേശികൾ ഉൾപ്പെടെ വിവിധ ദേശക്കാരും ധാരളമായി ഇന്ത്യൻ ഫെസ്റ്റിലേക്ക് എത്തിക്കൊണ്ടിരുന്നു. മലയാളികളുടെ ഒപ്പനയും വടക്കൻ കേരളത്തിന്റെ കോൽക്കളിയും പഞ്ചാബികളുടെ ഭാൻഗ്ര നൃത്തവും നാടൻ കലകളും കുച്ചിപ്പുടിയും മോഹിനിയാട്ടവും ആരാധനയോടെ ആസ്വദിച്ചു.
ദമ്മാമിലെ വിവിധ ഇന്ത്യൻ നൃത്ത വിദ്യാലയങ്ങൾ അവരുടെ നർത്തകരെ അണിനിരത്തി ഹൃദ്യമായ നൃത്തവിരുന്നൊരുക്കി. വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യ കലകൾ ഇന്ത്യക്കാർക്ക് തന്നെ പുത്തൻ അനുഭവങ്ങളാണ് നൽകിയത്.
മീ ഫ്രണ്ട് ഇവന്റ്സാണ് ഇന്ത്യൻ ഫെസ്റ്റിന് വേണ്ടി കലാപരിപാടികളും ഘോഷയാത്രയും കരകൗശല, ഭക്ഷണ പവിലിയനുകളും ഒരുക്കി ഉത്സവാന്തരീക്ഷം തീർത്തത്. ഏഴാം കടലിനിക്കരെ അതിജീവനം തേടിയെത്തിയ ഇന്ത്യക്കാരിൽ ഒരുമയുടേയും അഭിമാനത്തിന്റെയും ഹൃദയവികാരങ്ങളാണ് ഇന്ത്യൻ ഫെസ്റ്റ് ഉണർത്തിയത്. വൈകീട്ട് നാലു മുതൽ അർധരാത്രി 12 വരെയാണ് ആഘോഷം അരങ്ങേറിയത്.
പരിപാടികൾ അവസാനിച്ചാലും പിരിഞ്ഞുപോകാൻ മനസ്സില്ലാതെ ആളുകൾ അവിടിവിടെ കൂട്ടംകൂടി നിൽക്കുന്ന കാഴ്ച ഓരോ ദിവസവും ഇസ്കാൻ പാർക്കിൽ ദൃശ്യമായിരുന്നു. ഇന്ത്യ ഫെസ്റ്റ് പൂർത്തിയായിക്കഴിയുമ്പോൾ ഇന്ത്യക്കാർക്കിടയിൽ ഇതുവരെ കാണാത്ത സംസ്കാരിക ബോധവും പരസ്പ അടുപ്പവും വർധിക്കും എന്നതിൽ സംശയമില്ല. പുതിയ കാലത്തിന്റെ സർവസംവിധാനങ്ങളും രൂപപ്പെടുത്തി മികച്ച സാങ്കേതിക സംവിധാനങ്ങളാണ് പരിപാടികൾ അവതരിപ്പിക്കാൻ ഇസ്കാൻ പാർക്കിൽ അധികൃതർ ഒരുക്കിയിട്ടുള്ളത്.
ഫെസ്റ്റ് ആരംഭിച്ച ആദ്യ ദിവസം പ്രീതി ബെല്ല, പൂജ കന്ദൽവാൾ, കേരളത്തിൽനിന്നുമുള്ള സജ്ല സലിം, സജിലി സലിം, സലിം സലീൽ എന്നിവർ രാഗമഴ പെയ്യിച്ചു. പ്രീതി ബെല്ല പാടിയ ‘അപ്പങ്ങളെമ്പാടും ചുട്ടമ്മായി’ എന്ന മലയാളപാട്ടും മലയാളി ഗായകർ പാടിയ ഹിന്ദി പാട്ടുകളും സദസ്സ് ഒരുപോലെ നൃത്തച്ചുവടുകളുമായി സ്വീകരിച്ചു.
പിറ്റേ ദിവസമായി ജാവേദ് അലിയുടെ രംഗപ്രവേശം. മലയാളികളെക്കാൾ കൂടുതൽ പാകിസ്താനികളും ബംഗ്ലാദേശികളും ഈ ഗായകനെ ഒരുനോക്ക് കാണാൻ തടിച്ചുകൂടി. സൗദി യുവതികൾക്കിടയിൽ ഈ ഗായകൻ എത്ര പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു സദസ്സ്. ഒപ്പം റിഷി സിങ്ങും പാടിത്തിമർത്തു.
വെള്ളിയാഴ്ച അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ അത്ഭുത സംഗീതമൊരുക്കിയപ്പോൾ ശനിയാഴ്ച എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ എന്നിവർ അരങ്ങിൽ തിമിർത്ത് പാടി. പ്രവാസത്തിന്റെ എല്ലാ പിരിമുറുക്കങ്ങളെയും കാറ്റിൽ പകർത്തി ഇന്തൻ സംഗീതത്തിന്റെ കൂട്ടിൽ ആടിത്തിമർക്കുകയായിരുന്നു ഇന്ത്യൻ സമൂഹം.
സൗദിയിൽ ജീവിക്കുന്ന വിവിധ സമൂഹങ്ങൾക്കായി സൗദി പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിലൊന്നാണ് ‘പാസ്പോർട്ട് ടു ദ വേൾഡ്’. പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കാനും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് അതോറിറ്റി ആഘോഷമേള ഒരുക്കുന്നത്. അൽഖോബാറിൽ തുടങ്ങി ജിദ്ദയിൽ അവസാനിക്കുന്ന രീതിയിലാണ് പാസ്പോർട്ട് ടു ദ വേൾഡ് ഉത്സവരാവുകൾ ക്രമീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.