റിയാദ് സീസണിൽ ഇന്ത്യൻ ഉത്സവത്തിന് തുടക്കം; പ്രവേശനം സൗജന്യം
text_fieldsറിയാദ്: റിയാദ് സീസൺ ആഘോഷങ്ങളുടെ സാംസ്കാരിക വേദിയായ സുവൈദി പാർക്കിൽ ഇന്ത്യൻ വാരാഘോഷത്തിന് തുടക്കമായി. പാകിസ്താൻ, സുഡാൻ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ വാരാഘോഷങ്ങൾക്ക് ശേഷമാണ് ഈ ആഴ്ച ഇന്ത്യയുടെ ഊഴം എത്തുന്നത്. ഞായറാഴ്ച തുടങ്ങിയ ഇന്ത്യൻ ഉത്സവം ബുധനാഴ്ച അവസാനിക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. ഇന്ത്യയിൽ നിന്നെത്തുന്ന ഡാൻസ് ബാൻഡ് ഉൾപ്പടെ സൗദിയിലുള്ള ഇന്ത്യൻ കലാകാരന്മാരും വേദിയിലെത്തും.
റിയാദിലെ മലയാളി അവതാരകൻ സജിൻ നിഷാൻ ഉൾപ്പടെ മലയാളികളും ഇന്ത്യൻ ആഘോഷത്തിെൻറ നേതൃനിരയിലുണ്ട്.
ഭക്ഷണശാലകൾ, ചിത്രകലാ പ്രദർശനം, ഡാൻസ്, പാട്ട് തുടങ്ങി ഇന്ത്യയുടെ കലാ സാംസ്കാരിക വൈവിധ്യങ്ങൾ വ്യത്യസ്ത ദേശക്കാർ പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണിത്. സാരി ഉടുത്തുവരൂ, ഇന്ത്യൻ പരിപാടികൾ ആസ്വദിക്കൂ എന്നാണ് റിയാദ് സീസൺ സംഘാടകർ ഈ വാരാഘോഷത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
സൗദിയിലാകെ 25 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. തലസ്ഥാന നഗരിയായ റിയാദിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നുണ്ട്.
സൗദിയിൽ കലാ സാംസ്‌കാരിക സംഘടനകൾ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. സംസ്ഥാനങ്ങൾക്കും ജില്ലക്കും കൂട്ടായ്മകളുണ്ട്. പുറമെ നാട്ടുക്കൂട്ടങ്ങളും രാഷ്ട്രീയ സംഘടനകളും വേറെയുമുണ്ട്. നാല് ദിവസത്തെ ഉത്സവത്തിന് ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരന്ത്യ അവധിക്ക് മുമ്പേ ഇന്ത്യൻ ഉത്സവം അവസാനിക്കുമെന്നത് ആസ്വാദകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.