വൈവിധ്യങ്ങളിലേക്ക് മിഴി തുറക്കുന്ന ഇന്ത്യൻ മഹോത്സവം; ഗൾഫ് മാധ്യമം ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ റിയാദിൽ
text_fieldsറിയാദ്: ഇന്ത്യൻ സമൂഹത്തിന്റെ കലാസാംസ്കാരിക വൈവിധ്യങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധക്ഷണിക്കുന്ന അപൂർവമായൊരു സാംസ്കാരിക മേളക്ക് റിയാദിൽ വേദിയൊരുങ്ങുന്നു. ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ മായ്ക്കാനും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഴവിൽ കാഴ്ചകൾ മരുഭൂമിയിലെ പ്രവാസ ഭൂമികയിൽ വിരിയിക്കാനും ഗൾഫിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ഗൾഫ് മാധ്യമം ‘ഇന്ത്യൻ മഹോത്സവം’ സംഘടിപ്പിക്കുന്നു.
‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ എന്ന പേരിൽ മൂന്നു ദിവസം നീളുന്ന സംസ്കാരികാഘോഷം ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ (ബോയ്സ്) സ്കൂളിന്റെ വിശാലമായ അങ്കണത്തിൽവെച്ചാണ് പരിപാടി.
തെന്നിന്ത്യയിലെ പ്രമുഖ സെലിബ്രറ്റികളും കലാകാരന്മാരും അണിനിരക്കുന്ന കലാ മാമാങ്കത്തോടൊപ്പം ഫാഷൻ, രുചിപ്പെരുമകൾ, വിവിധ വാണിജ്യ കേന്ദ്രങ്ങളുടെ പ്രോപ്പർട്ടി ഷോകൾ, പ്രദർശനങ്ങൾ എല്ലാം അടങ്ങിയ ഒരു ഇന്ത്യൻ ഉത്സവമാണ് നടക്കുക.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും പെയിൻറിങ്, സിങ് ആൻഡ് വിൻ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും. ഒക്ടോബർ മൂന്നിന് പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയുമായ ആൻഡ്രിയ ജെർമിയ നയിക്കുന്ന സംഗീത ബാൻഡും തമിഴ് കലാരംഗത്തെ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്.
കലാസാഹിത്യ രംഗത്തെ ദ്രാവിഡ മുദ്രകൾ പ്രവാസലോകത്ത് വലിയൊരു കാൻവാസിൽ അനാവരണം ചെയ്യുന്ന സൗദിയിലെ ആദ്യ പരിപാടിയായിരിക്കും ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്.
രണ്ടാം ദിവസമായ ഒക്ടോബർ നാലിന് പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന സംഗീത സാംസ്കാരിക വിരുന്നായിരിക്കും അരങ്ങേറുക. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവും ആവേശവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറക്കാരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ തുടങ്ങിയ യുവതാരങ്ങളും ഇന്ത്യൻ സംഗീതത്തിന്റെ സപ്തസ്വരങ്ങളുമായി അണിനിരക്കും.
പോപ്പ്, റോക്ക്, സൂഫി നാദധാരകളുടെ ആലാപന ഗരിമയിൽ ഇന്ത്യ, പാക്, ബംഗ്ലാദേശ് സംഗീതാസ്വാദകർ അനുഭൂതിയുടെ പുതിയ തീരങ്ങളിലേക്കെത്തും.
‘കേരള വൈബ്’ എന്ന പേരിലെ സമാപനദിന പരിപാടി കൈരളിയുടെ സർഗസൗന്ദര്യം വിളിച്ചോതുന്നതായിരിക്കും. പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ, മാന്ത്രിക വിരലുകളാൽ സംഗീതപ്പെരുമഴ തീർക്കുന്ന സ്റ്റീഫൻ ദേവസി, ചലച്ചിത്ര പിന്നണി ഗായിക നിത്യ മാമ്മൻ, യുവഗായകരായ കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, രാമു, നടനും നർത്തകനുമായ മുഹമ്മദ് റംസാൻ എന്നിവർ വിവിധ കലാപ്രകടനങ്ങളാൽ വേദിയെ മനോഹരമാക്കും. അവതാരകനായ മിഥുൻ രമേശ് അരങ്ങിലും കാണികളിലും ആവേശം വിതറും.
അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ ജാലകങ്ങൾ തുറക്കുന്ന പ്രദർശനങ്ങളും നാവിൻ തുമ്പിലെ രുചിമുകുളങ്ങളെ ഉണർത്തുന്ന വൈവിധ്യങ്ങളും കാത്തിരിക്കുന്ന ചരിത്ര സംഗമമായിരിക്കുമിത്.
ഈ പരിപാടിയുടെ ഔപചാരിക ലോഗോയും പരസ്യചിത്രവും മലയാള ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, സുരഭി ലക്ഷ്മി എന്നിവർ റിയാദിൽ അനാഛാദനം ചെയ്തു. ചടങ്ങിൽ നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.