ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) ഓൺലൈൻ ബോധവൽക്കരണം
text_fieldsദമ്മാം: വ്യാജ വാർത്തകളിൽ തളരാതെ, ഭയത്തിെൻറയും മാനസിക സംഘർഷങ്ങളുടെയും വഴിയെ പോകാതെ നിശ്ചയദാർഢ്യം കൊണ്ടും ജീവിതക്രമീകരണങ്ങൾ കൊണ്ടും കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാൻ പ്രവാസികൾക്കാവുമെന്ന് പ്രഭാഷകൻ ഡോ. അബ്ദുസ്സലാം ഉമർ. ‘അതിജീവിക്കാം-ആത്മവിശ്വാസത്തോടെ’എന്ന തലക്കെട്ടിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ അകലം പാലിക്കുന്നതും സുരക്ഷാ കവചങ്ങളണിയുന്നതും ഭക്ഷണക്രമീകരണവും വ്യായാമവും പ്രവാസികൾ നിർബന്ധമായും ജീവിതചര്യയാക്കി മാറ്റണം.
ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ ആസൂത്രണങ്ങളില്ലാതെ ഒഴുക്കിനൊപ്പം നീന്തുന്നവർക്ക്, പ്രവാസത്തിന് കൃത്യമായ ഒരു എക്സിറ്റ് പോയിൻറ് മുന്നിൽ കണ്ട് ജീവിതത്തെ ക്രമപ്പെടുത്താൻ ഈ കോവിഡ് കാലത്തിലൂടെ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും ഉപദേശ നിർദേശങ്ങളും നൽകി. ഡിഫ ആക്ടിങ് പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഡോ. അബ്ദുസ്സലാം കണ്ണിയൻ ആമുഖ പ്രഭാഷണം നടത്തി. നാസ് വക്കം, ജാഫർ കൊണ്ടോട്ടി, സകീർ വള്ളക്കടവ് എന്നിവർ സംസാരിച്ചു. അഷ്റഫ് എടവണ്ണ, റഷീദ് മാളിയേക്കൽ, ഷനൂബ്, ജൗഹർ കുനിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ലിയാഖത്തലി സ്വാഗതവും ജോയിൻറ് സെക്രട്ടറി ശരീഫ് മാണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.