കളിക്കളത്തിലെ സമ്മർദങ്ങളിൽ ഇന്ത്യൻ ഫുട്ബാൾ തകരുന്നു –കമാൽ വരദൂർ
text_fieldsദമ്മാം: അന്താരാഷ്ട്ര മത്സരങ്ങളിൽ ആദ്യ 45 മിനിറ്റ് മനോഹരമായി കളിക്കുകയും പിന്നീടുള്ള സമയങ്ങളിൽ തളരുകയും ചെയ്യുന്ന കാഴ്ചയാണ് കാലങ്ങളായി ഇന്ത്യൻ ഫുട്ബാളിൽ കാണുന്നതെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ പറഞ്ഞു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) ഭാരതത്തിെൻറ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ 'ഇന്ത്യൻ ഫുട്ബാളിെൻറ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ൽ ലണ്ടൻ ഒളിമ്പിക്സിൽ ബൂട്ടിന് പകരം കട്ടിയുള്ള സോക്സിട്ട് കളിച്ച ഇന്ത്യക്ക് ലഭിച്ച രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിയിരുന്നുവെങ്കിൽ ഇന്ത്യയുടെ തലവരതന്നെ മാറുമായിരുന്നു.
1956ലെ മെൽബൺ ഒളിമ്പിക്സിലെ കളി എന്നും നാമോർക്കുന്നത് വമ്പൻ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിെൻറ സുവർണ കാലഘട്ടത്തെ കുറിച്ചാണ്. 2016ലെ ലോകകപ്പ് വേദിയിൽ ചെറിയ രാജ്യമായ ക്രൊയേഷ്യ ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ അവിടെ ആ രാജ്യത്തിെൻറ ദേശീയ ഗാനം ആലപിക്കപ്പെട്ടു.മത്സരം നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ലഭിച്ച അവസരത്തിൽ, എന്നാണ് ഇന്ത്യയുടെ ദേശീയഗാനം ലോകകപ്പ് ഫുട്ബാൾ വേദിയിൽ ആലപിക്കപ്പെടുക എന്ന ചോദ്യമാണ് തനിക്കുണ്ടായതെന്ന് കമാൽ വരദൂർ വിശദീകരിച്ചു. പ്രവാസികളുടെ ഫുട്ബാൾ പ്രണയം ശ്രദ്ധേയവും അഭിനന്ദനാർഹവുമാണ്.
ദീർഘ വീക്ഷണത്തോടെയും ക്രിയാത്മകമായും പ്രവർത്തിച്ചാൽ ഇന്ത്യൻ ഫുട്ബാളിന് വരുംകാലങ്ങളിൽ രക്ഷപ്പെടാനാവുമെന്ന് കമാൽ വരദൂർ കൂട്ടിച്ചേർത്തു. പ്രവാസ ലോകത്തുനിന്നും നാട്ടിൽനിന്നും നിരവധി പേർ വീക്ഷിച്ച പരിപാടി സംഘാടനം കൊണ്ട് മികവുറ്റതായി മാറി. ഡിഫ പ്രസിഡൻറ് ഡോ. അബ്ദുസ്സലാം കണ്ണിയൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. ആക്ടിങ് പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.
ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, ജനറൽ സെക്രട്ടറി ലിയാഖത്ത് കരങ്ങാടൻ, മുൻ പ്രസിഡൻറ് റസാഖ് ചേരിക്കൽ എന്നിവർ പങ്കെടുത്തു.റഊഫ് ചാവക്കാട്, സമീർ സാം, സുജീർ, ഖാജ ഹുസ്സയിൻ, ജാവീദ്, റസാക് ബാവ, സാബിത് എന്നിവർ ഗാനമാലപിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ അഷ്റഫ് എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.