Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ ചരിത്രമെഴുതി...

പുതിയ ചരിത്രമെഴുതി ഇന്ത്യൻ വിദേശകാര്യമന്ത്രി സൗദിയിൽനിന്ന്​ മടങ്ങി

text_fields
bookmark_border
പുതിയ ചരിത്രമെഴുതി ഇന്ത്യൻ വിദേശകാര്യമന്ത്രി സൗദിയിൽനിന്ന്​ മടങ്ങി
cancel
camera_alt

ഗൾഫ്​ സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടേറിയറ്റ്​ ആസ്ഥാനത്ത്​ നടന്ന 161ാമത്​ സംയുക്ത മന്ത്രിതല സമ്മേളനത്തിൽ പ​ങ്കെടുത്ത ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്​. ജയശങ്കർ ഗൾഫ്​ വിദേശകാര്യമന്ത്രിമാർ, ജി.സി.സി സെക്രട്ടറി ജനറൽ എന്നിവരോടൊപ്പം

ജി.സി.സി, ഇന്ത്യ സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു, ഫലസ്തീ​നിൽ ദ്വിരാഷ്​ട്ര പരിഹാരത്തിന്​​ ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു, ഗസ്സയിൽ ഉടൻ വെടിനിർത്തലിന് ആഹ്വാനം

റിയാദ്​: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്​. ജയശങ്കറുടെ ഇത്തവണത്തെ സൗദി സന്ദർശനം പുതിയ ചരിത്രപിറവിയുടേതായിരുന്നു. തന്ത്രപരമായ സംഭാഷണങ്ങൾക്കായുള്ള ആദ്യത്തെ ഇന്ത്യ-ജി.സി.സി മന്ത്രിതല സമ്മേളനത്തിൽ പ​ങ്കെടുക്കാനും സംയുക്ത കർമപദ്ധതി നടപ്പാക്കുന്നത്​ സംബന്ധിച്ച ധാരണക്കുമായാണ്​ അദ്ദേഹം ഞായറാഴ്​ച റിയാദിലെത്തിയത്​. തിങ്കളാഴ്​ച ഗൾഫ്​ സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറിയേറ്റ്​ ആസ്ഥാനത്ത്​ നടന്ന 161ആമത്​ സംയുക്ത മന്ത്രിതല സമ്മേളനത്തിൽ അദ്ദേഹം പ​ങ്കെടുത്തു. പിന്നീട് ആറു​ ഗൾഫ്​ രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്​ചകളും നടത്തി. സമ്മേളനത്തോട്​ അനുബന്ധിച്ച്​ ജി.സി.സിയും ഇന്ത്യയും തമ്മിൽ 2024-2028 കാലത്തേക്ക്​ ആവിഷ്​കരിച്ച സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.

സമ്മേളനത്തിൽ സംസാരിക്കവേ ഡോ. എസ്. ജയശങ്കർ ഫലസ്തീ​ന്റെറ ദ്വിരാഷ്​ട്ര പരിഹാരമെന്ന ആവശ്യത്തിന്​ ഇന്ത്യയുടെ പിന്തുണ ആവർത്തിക്കുകയും ഗസ്സയിൽ ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ആഗോള ഊർജരംഗത്തും ഇന്ത്യയുടെ വളരുന്ന വിപണിയിലും ഗൾഫ്​ രാഷ്​ട്രങ്ങളുടെ നിർണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധം ചരിത്രത്തി​ന്റെയും സംസ്‌കാരത്തി​ന്റെയും പങ്കിട്ട മൂല്യങ്ങളുടെയും ആധാരശിലകളിൽ വേരൂന്നിയതാണ്. സാമ്പത്തിക ശാസ്ത്രം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിങ്ങനെ ജനങ്ങളുമായുള്ള ബന്ധവും അതിനപ്പുറവും പങ്കാളിത്തമായി പരിണമിക്കുന്ന ഈ ബന്ധങ്ങൾ കാലക്രമേണ ശക്തമായി വളരുകയായിരുന്നെന്നും മന്ത്രി വിശദീകരിച്ചു. ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാർ ഗൾഫ്​ രാജ്യങ്ങളിൽ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കിടയിൽ ജീവിക്കുന്ന പാലമായി അവർ പ്രവർത്തിക്കുന്നു. ഗൾഫ്​ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് അവരുടെ സംഭാവനകൾ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവരുടെ ക്ഷേമവും ആശ്വാസവും ഉറപ്പാക്കിയതിന് ഞങ്ങൾ നന്ദി പറയുകയാണെന്നും മന്ത്രി ജയശങ്കർ കൂട്ടിച്ചേർത്തു.

സമ്മേളനത്തോട്​ അനുബന്ധിച്ച്​ ആറ്​ ഗൾഫ്​ രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായും മന്ത്രി എസ്​. ജയശങ്കർ പ്രത്യേക കൂടിക്കാഴ്​ചകൾ നടത്തി. 161ആമത്​ ജി.സി.സി മന്ത്രിതല സമിതിയോഗത്തി​ന്റെ അധ്യക്ഷനും ഖത്തർ വിദേശകാര്യമന്ത്രിയുമായ അബ്​ദുൽ റഹ്​മാൻ ബിൻ ജാസിം അൽഥാനിയുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്​ച. പിന്നീട്​ സൗദി വിദേശകാര്യമന്ത്രി ​അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്​, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ്​ ബദ്​ർ ബിൻ ഹമദ്​ ഹമൂദ്​ അൽ ബുസൈദി, കുവൈത്ത്​ വിദേകാര്യമന്ത്രി അബ്​ദുല്ല അലി അൽ യഹ്​യ, ബഹ്​റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി എന്നിവരുമായും വെവ്വേറെ കൂടിക്കാഴ്​ചകൾ നടത്തി.

ഒരു കൂട്ടായ സ്ഥാപനമെന്ന നിലയിൽ ഗൾഫ് കോഓപറേഷൻ കൗൺസിലിന് ഇന്ത്യക്ക്​ സുപ്രധാന പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ വിപുലീകരിച്ച അയൽപക്കമാണെന്നും മന്ത്രി എസ്​. ജയശങ്കർ എടുത്തുപറയുകയും തങ്ങളുടെ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളെ പരിപാലിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെറ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, ജനങ്ങളുമായുള്ള ബന്ധം എന്നിവയിലെ സഹകരണ സംരംഭങ്ങളിലൂടെ, ഈ പങ്കാളിത്തം മേഖലയിലും ഇന്ത്യയിലും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുക മാത്രമല്ല, കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ആഗോള സമ്പദ്‌വ്യവസ്ഥക്ക്​ സംഭാവന നൽകുകയും ചെയ്യുന്നു.

ആരോഗ്യം, വ്യാപാരം, സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊർജം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ വിവിധ സംയുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 2024-2028 സംയുക്ത പ്രവർത്തന പദ്ധതിയും യോഗം അംഗീകരിച്ചു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ കൂടുതൽ സഹകരണ മേഖലകൾ സംയുക്ത കർമപദ്ധതിയിൽ ഉൾപ്പെടുത്താമെന്നും തീരുമാനമായി. പൊതുതാൽപ്പര്യമുള്ള അന്താരാഷ്​ട്ര, പ്രാദേശിക വിഷയങ്ങളും യോഗം ചർച്ച ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsIndian Foreign Minister
News Summary - Indian Foreign Minister returned from Saudi Arabia after writing a new history
Next Story