ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ദ്വിദിന സൗദി സന്ദർശനത്തിന് നാളെ തുടക്കം
text_fieldsറിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച റിയാദിലെത്തും. സൗദി അറേബ്യയിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. രാഷ്ട്രീയ സുരക്ഷാ സാമൂഹിക സാംസ്കാരിക സഹകരണ സമിതിയുടെ (പി.എസ്.എസ്.സി) മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽസൗദിനൊപ്പം മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും സൗദിയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിന് വേണ്ടി രൂപവത്കരിച്ചതാണ് പി.എസ്.എസ്.സി.
രണ്ട് മന്ത്രിമാരും ഉഭയകക്ഷി ബന്ധം സമഗ്രമായ അവലോകനത്തിന് വിധേയമാക്കുകയും സഹകരണസമിതുടെ നാല് സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള പ്രവർത്തന പുരോഗതി ചർച്ച ചെയ്യുകയും ചെയ്യും. രാഷ്ട്രീയവും നയതന്ത്രവും, നിയമവും സുരക്ഷയും, സാമൂഹികവും സാംസ്കാരികവും, പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത സമിതി എന്നീ വർക്കിങ് ഗ്രൂപ്പുകളുടെയും സെക്രട്ടറി തല ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുകയാണ്.
ഐക്യരാഷ്ട്രസഭ, ജി20, ജി.സി.സി എന്നിവയിലെ സഹകരണം ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്യും. സൗദിയിലെ ഉന്നതോദ്യോഗസ്ഥ പ്രമുഖർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫ് എന്നിവരുമായും ഇന്ത്യൻ മന്ത്രി കൂടിക്കാഴ്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും. കൂടാതെ ശനിയാഴ്ച വൈകീട്ട് 4.30 മുതൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് ക്ഷണിക്കപ്പെട്ടവരുമായി സംവാദ പരിപാടിയിലും പ്രവാസികാര്യത്തിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുക്കും.
രാഷ്ട്രീയം, സുരക്ഷ, ഊർജം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാംസ്കാരികം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യ-സൗദി അറേബ്യ ബന്ധം കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗണ്യമായി ദൃഢമായിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ സമയത്തും ഇരുരാജ്യങ്ങളുടെയും ഉന്നത നേതൃത്വം അടുത്ത ബന്ധം പുലർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.