ഇന്ത്യൻ ഹാജിമാരും ഒരുങ്ങി; തീർഥാടകരെ മിനായിൽ എത്തിക്കാൻ തയാറെടുപ്പുകൾ പൂർത്തിയായെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ
text_fieldsജിദ്ദ: ഹജ്ജിന്റെ കർമങ്ങൾ ആരംഭിക്കാൻ ഒരു ദിനം ബാക്കിനിൽക്കെ ഇന്ത്യയിൽ നിന്നെത്തിയ 1,75,000 ഹാജിമാർ മിനായിലേക്കുള്ള യാത്രക്കൊരുങ്ങി. തീർഥാടകരെ മിനായിൽ എത്തിക്കാൻ തയാറെടുപ്പുകൾ പൂർത്തിയായെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ മിനായിലേക്ക് തീർഥാടകർ നീങ്ങും. ഹാജിമാരെ അനുഗമിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിൽ 500ലധികം വളൻറിയർമാരും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടാവും. ഇന്ത്യയിൽനിന്നെത്തിയ ഹാജിമാർ പഴയ മിനായുടെ അതിർത്തിക്കുള്ളിലെ ടെൻറുകളിലാണ് ഇത്തവണ താമസം. പാകം ചെയ്ത ഭക്ഷണവും അവിടെ ലഭ്യമാക്കും.
ഈ വർഷം മഹ്റമില്ലാത്ത വിഭാഗത്തിൽ 5,000 ത്തിലധികം വനിത തീർഥാടകരാണ് ഇന്ത്യയിൽ നിന്നെത്തിയിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇവരെ സഹായിക്കാനായി പ്രത്യേക വനിത വളൻറിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പരിചരിക്കുന്നതിന് പ്രത്യേക കെട്ടിട ശാഖകളും ആശുപത്രികളും ഡിസ്പെൻസറികളും വനിത ഉദ്യോഗസ്ഥരെയും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ പരാതികൾ ഉടൻ പരിഹരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയതായി ഹജ്ജ് മിഷൻ അധികൃതർ അറിയിച്ചു.
ജിദ്ദ എയർപോർട്ട് ഹജ്ജ് ടെർമിനൽ ഒന്നിൽനിന്ന് മക്ക റെയിൽവേ സ്റ്റേഷനിലേക്ക് ഏകദേശം 33,000 തീർഥാടകർക്ക് എത്താൻ അതിവേഗ ട്രെയിൻ (മണിക്കൂറിൽ 300 കി.മീ വേഗം) ഉപയോഗിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു വിഭാഗം ഈ വർഷം ഇന്ത്യൻ ഹാജിമാരുടെ സംഘത്തോടൊപ്പമുണ്ട്. വിവിധ രീതിയിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർക്ക് മക്കയിലെ താമസസ്ഥലത്തിനും മസ്ജിദുൽ ഹറാമിനും ഇടയിൽ യാത്രക്കായി ഷെഡ്യൂൾ സമയത്തിന് പകരം മുഴുവൻ സമയവും ബസ് സർവിസ് ഒരുക്കിയ സംവിധാനം കാര്യക്ഷമമായിരുന്നു.
ഇത് ഇന്ത്യൻ തീർഥാടകർ മാത്രമല്ല സൗദിയധികൃതരും ഏറെ പ്രശംസിച്ചു. ഇന്ത്യൻ ഹജ്ജ് മിഷൻ ഈ വർഷം തീർഥാടകരുടെ ക്ഷേമത്തിനും പരിചരണത്തിനും എടുത്ത നടപടികൾ ഏറെ ശ്രദ്ധേയമായിരുന്നു. 2024 ഹജ്ജ് ഓപറേഷന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരുടെ എണ്ണം ഈ വർഷം വർധിപ്പിച്ചതും വലിയ നേട്ടമായി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.