സിദ്ദിഖ് തുവ്വൂരിന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആദരം
text_fieldsറിയാദ്: ജീവകാരുണ്യരംഗത്ത് സജീവമായി നിരവധിയാളുകൾക്ക് ആശ്വാസത്തിന്റെ കരം നീട്ടിയ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവ്വൂരിനെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ആദരിച്ചു. കെ.എൻ.എം മർക്കസ് ദഅവ സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ റിയാദ് തല പ്രചാരണത്തോടനുബന്ധിച്ചു നടന്ന മാനവികതാ സദസ്സിൽവെച്ച് കെ.എൻ.എം സംസ്ഥാന ട്രഷറർ എം. അഹമ്മദ് കുട്ടി മദനി സെന്ററിന്റെ സ്നേഹോപഹരം നൽകി.
വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന സന്ദേശം ഉയർത്തി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ജി.സി.സി രാജ്യങ്ങളിലുമായി വിപുലമായ സമ്മേളന പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കെ.എൻ.എം സെക്രട്ടറി എൻ.എം. ജലീൽ മാസ്റ്റർ സമ്മേളന പ്രമേയം വിശദീകരിച്ച് സംസാരിച്ചു.
സയണിസ്റ്റ്, ഫാഷിസ്റ്റ്, മുതലാളിത്ത ഭീകരവാദങ്ങൾ മാനവികതമൂല്യങ്ങളെ തച്ചുടക്കുന്ന വർത്തമാന സാഹചര്യത്തിൽ മനുഷ്യസമൂഹത്തിനാകമാനം വേദത്തിന്റെ വെളിച്ചം എത്തിക്കുക എന്നത് അനിവാര്യമായ ബാധ്യതയാണെന്ന് അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി പ്രതിനിധി നസീർ മുള്ളൂർക്കര, ഇസ്ലാഹി സെന്റർ ദാഈ സഹൽ ഹാദി തുടങ്ങിയവർ സംസാരിച്ചു. ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഷാജഹാൻ ചളവറ സ്വാഗതവും സെക്രട്ടറി സാജിദ് ഒതായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.