ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിവാര ക്ലാസ്
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിവാര ക്ലാസ് സംഘടിപ്പിച്ചു. ‘അത്ഭുതങ്ങളുടെ ആകാശയാത്ര’ വിഷയത്തിൽ ശിഹാബ് സലഫി പ്രഭാഷണം നടത്തി. പ്രവാചകൻ മുഹമ്മദ് നബി നടത്തിയ രാത്രിയാത്ര ഇസ്റാഉം മിഅ്റാജും കേവലം സ്വപ്നത്തിൽ സംഭവിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാചകനിലൂടെ സൃഷ്ടാവ് കാണിച്ച ദൃഷ്ടാന്തമാണത്. പ്രമാണങ്ങളിലൂടെ അത് തെളിയിക്കപ്പെട്ടതുകൊണ്ടുതന്നെ ഇസ്ലാം അജയ്യമാണെന്നും അതിനെ അതിജയിക്കാൻ മറ്റൊരു പ്രത്യയശാസ്ത്രത്തിനുമാവില്ലെന്നും ശിഹാബ് സലഫി ഉദ്ബോധിപ്പിച്ചു.
പ്രവാചകൻ മക്കയിലായിരിക്കെ രാത്രിയിൽ ജിബ്രീൽ എന്ന മാലാഖ വരുകയും മസ്ജിദുൽ ഹറാമിൽനിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് ബുറാഖ് എന്ന വാഹനത്തിൽ പ്രവാചകനെ കൂട്ടിക്കൊണ്ടുപോയി.
അവിടെനിന്ന് ചില ദൃഷ്ടാന്തങ്ങൾ കാണിക്കാൻവേണ്ടി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്ത് എത്തിച്ചു. അവിടെ പൂർവികരായ പ്രവാചകന്മാരെ പലരെയും പ്രവാചകൻ കാണുകയും പിന്നീട് ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അഖ്സ വരെയുള്ള യാത്രയെ ഇസ്റാഅ് (രാപ്രയാണം) എന്നും അവിടെനിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യലോകങ്ങൾ താണ്ടി സൃഷ്ടാവ് നിശ്ചയിച്ച പരിധിവരെയുള്ള പ്രയാണത്തെ മിഅ്റാജ് (ആകാശരോഹണം) എന്നും പറയുന്നു. മിഅ്റാജ് നടന്നത് റജബ് മാസത്തിലാണെന്ന് വിശ്വാസയോഗ്യമായ തെളിവുകൾ ഒന്നുമില്ലെന്നാണ് പ്രബല അഭിപ്രായം.
മിഅ്റാജിന്റെ പേരിൽ നടക്കുന്ന വ്രതാനുഷ്ഠാനത്തിനും പ്രമാണങ്ങളിൽ തെളിവില്ലെന്ന് ശിഹാബ് സലഫി വ്യക്തമാക്കി.
പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.