ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം സംഗമം വെള്ളിയാഴ്ച
text_fieldsദമ്മാം: ‘ഖുർആൻ പഠനം ലളിതവും ജനകീയവുമാക്കുക’ എന്ന ലക്ഷ്യത്തോടെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയായ ‘വെളിച്ചം സൗദി ഓൺലൈൻ’ പഠിതാക്കളുടെ സംഗമവും വിജയികളെ ആദരിക്കൽ ചടങ്ങ് വെള്ളിയാഴ്ച്ച ദമ്മാം ഫൈസലിയ്യയിലെ ദുറാ റിസോർട്ടിൽ നടക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സ്വർണ നാണയങ്ങളും മറ്റു വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന പരിപാടി കെ.എൻ.എം. മർകസുദ്ദഅ്വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. സുലൈമാൻ മദനി ഖത്തർ മുഖ്യപ്രഭാഷണം നടത്തും. സലാഹ് കാരാടൻ, സഹൽ ഹാദി, ഇഖ്ബാൽ സുല്ലമി, മുനീർ ഹാദി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കാൽ നൂറ്റാണ്ടൃമുമ്പ് ആരംഭിച്ച ഖുർആൻ മുസാബക്ക പഠനപദ്ധതിയുടെയും വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെയും തുടർച്ചയായി ആധുനിക രൂപത്തിൽ ‘വെളിച്ചം സൗദി ഓൺലൈൻ’ ഖുർആൻ പഠനപദ്ധതി 2020ലാണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി ആരംഭിച്ചത്.
അന്തർദേശീയ തലത്തിൽ മൂവായിരത്തോളം പഠിതാക്കളുമായി അഞ്ചു ഘട്ടങ്ങൾ പിന്നിട്ടു. ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന വ്യവസ്ഥാപിത പഠനമാണ് ഒരു ഘട്ടം. റമദാനിൽ പ്രത്യേക പ്രതിദിന ഖുർആൻ പഠനങ്ങളും നടക്കും. 2023 ജൂണിൽ ആരംഭിച്ച് 2024 ജനുവരി വരെ നീണ്ടുനിന്ന അഞ്ചാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഖുർആനെ അറിയാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന എല്ലാവരേയും സംഘാടകർ വെളിച്ചം സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണ റമദാനിൽ ‘വെളിച്ചം റമദാൻ 2024’ എന്ന പേരിൽ ഖുർആൻ 25ാം ഭാഗത്തിലെ അധ്യായങ്ങളെ ആസ്പദമാക്കി പ്രതിദിന പഠനവും പരീക്ഷകളും നടക്കും.
കുട്ടികൾക്കുവേണ്ടി ഖുർആൻ ഇംഗ്ലീഷ് പരിഭാഷകളെ ആസ്പദമാക്കിയുള്ള ‘ബാല വെളിച്ചം പദ്ധതി’യും ‘വെളിച്ചം സൗദി ഓൺലൈൻ’ പ്ലാറ്റ്ഫോമിൽ ഉടൻ ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു. ദമ്മാം മീഡിയാ ഫോറം ഓഫീസിൽ നടന്ന വാർത്തസമ്മേളനത്തിൽ വെളിച്ചം പ്രോഗ്രാം കൺവീനർ യൂസുഫ് കൊടിഞ്ഞി, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡന്റ് എൻജി. വഹീദുദ്ദീൻ, ജമാൽ കൈപ്പമംഗലം, മുജീബുറഹ്മാൻ കുഴിപ്പുറം, നൗഷാദ് എം.വി കോഴിക്കോട്, പി.എച്ച്. സമീർ, അൻഷാദ് മാസ്റ്റർ, അബ്ബാസ് അൽ ഖോബാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.