വനിത ശാക്തീകരണത്തിൽ സൗദിയിൽ വിപ്ലവകരമായ മാറ്റം -ഇന്ത്യൻ സംയുക്തസേന പ്രതിനിധിസംഘം
text_fieldsറിയാദ്: സൗദി അറേബ്യയിലെ വനിത ശാക്തീകരണത്തിൽ ബഹുദൂരം മുന്നിലേക്ക് ഓടിയെത്തിയെന്ന് ഇന്ത്യയിൽനിന്നെത്തിയ സംയുക്തസേന വനിത പ്രതിനിധിസംഘം അഭിപ്രായപ്പെട്ടു.
റിയാദിൽ നടക്കുന്ന ചതുർദിന വേൾഡ് ഡിഫൻസ് ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയതായിരുന്നു സേനാംഗങ്ങൾ. പുറംലോകത്തുള്ള സൗദിയല്ല അനുഭവത്തിലുള്ള സൗദിയെന്ന് ഈ യാത്ര ബോധ്യപ്പെടുത്തി, രാജ്യത്തിന്റെ നിരത്തിലൂടെ കാറോടിക്കുന്ന വനിതകളെ കണ്ടു. തലസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ദരിയ്യയ സന്ദർശിച്ചു. അവിസ്മരണീയമായ ആതിഥേയത്വമാണ് അവിടെ ലഭിച്ചത്.
സ്ക്വാഡ്രൺ ലീഡർ ഭാവനാ കാന്ത്, കേണൽ പോനുങ് ഡോമിങ്, ലെഫ്. കമാൻഡർ അന്നു പ്രകാശ് എന്നിവരാണ് സൗദിയിലെത്തിയ സേനാംഗങ്ങൾ . വേൾഡ് ഡിഫൻസ് ഷോയിൽ നടന്ന വിവിധ സെമിനാറുകളിൽ സായുധസേനയെ പ്രതിനിധീകരിച്ച് സംഘം പങ്കെടുത്തു.
മേഖലയിലെ വനിത സാന്നിധ്യവുമായി ബന്ധപ്പെട്ട പാനൽ ചർച്ചകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു മൂവർ സംഘം. യു എസിലെ സൗദി അംബാസഡർ പ്രിൻസസ് റീമ ബിൻത് ബന്ദർ ആതിഥേയത്വം വഹിച്ച ‘ഇന്റർനാഷനൽ വിമൻ ഇൻ ഡിഫൻസ് , ഇൻവെസ്റ്റിങ് ഇൻ ഇൻക്ലൂസീവ് ഫ്യൂച്ചർ’ എന്ന സെമിനാറിൽ ഇന്ത്യൻ എയർഫോഴ്സിലെ യുദ്ധവിമാന പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ഭാവനാ കാന്ത് പാനലിസ്റ്റായി പങ്കെടുത്തു.
നിറഞ്ഞ സദസ്സിന് മുന്നിൽ ഭാവന തന്റെ പ്രചോദകമായ യാത്ര പങ്കുവെച്ചു, തടസ്സങ്ങൾ തകർത്ത് ആകാശത്തിലൂടെ ഉയർന്ന തന്റെ യാത്രകളെ കുറിച്ച് വിവരിച്ചത് സദസ്സിന് പുതിയ അനുഭവമേകി. ആധുനിക യുദ്ധത്തിൽ സ്ത്രീകളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ സദസ്സുമായി പങ്കുവെച്ചു, 2021 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിത യുദ്ധവിമാന പൈലറ്റാണ് ഭാവന.
2024ലെ റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റിലും ഭാവനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യൻ ആർമിയിൽ നിന്നുള്ള കേണൽ പോനുങ് ഡോമിങ്, 20 വർഷത്തിലേറെ നീണ്ട സേവനത്തിനിടെ ഒന്നിലധികം പ്രഥമ സ്ഥാനങ്ങളോടെ നോർത്തേൺ സെക്ടറിൽ 15,000 അടിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ബോർഡർ ടാസ്ക് ഫോഴ്സിന് കമാൻഡിങ് ചെയ്യുന്ന ആദ്യത്തെ വനിതാഓഫിസറാണ് സംഘത്തിലെ മറ്റൊരു അംഗം.
ഇന്ത്യയുടെ വിശാലമായ തീരപ്രദേശം സംരക്ഷിക്കുന്നതിലും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിലും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിന് അടിവരയിടുന്ന ഇന്ത്യൻ നേവിയിലെ ലെഫ്. കമാൻഡർ അന്നു പ്രകാശ് സംഘത്തിലെ മറ്റൊരു അംഗമാണ്. ഡിഫൻസ് ഷോയിലെ അന്നുവിന്റെ സാന്നിധ്യം ഇന്ത്യയും സമുദ്രമേഖലയിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും സഹകരണവും വളർത്തിയെടുക്കാൻ വഴിയൊരുക്കും.
ഉയർന്ന പദവിയിലുളള വനിതാ ഓഫിസർമാർ ലോക പ്രതിരോധമേളയിൽ പങ്കെടുക്കുന്നത് പ്രതിരോധരംഗത്ത് ഇന്ത്യൻ വനിതകളുടെ വർധിച്ചുവരുന്ന പങ്കിന് തെളിവാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്ത്യൻ എംബസി സ്കൂൾ ഹാളിൽ വിദ്യാർഥികളുമായും മൂവരും സംവദിച്ചു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും പ്രചോദനാത്മകമായ ചിന്തകൾ പകർന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധനേടി. തുടന്ന് ഇന്ത്യൻ എംബസി വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലും സംഘം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.