നടന്നുനടന്ന് ഒടുവിൽ റൊണാൾഡോയെക്കണ്ട് കൈയൊപ്പ് വാങ്ങി സിവിൻ...
text_fieldsറിയാദ് : ഈ വർഷം മാർച്ച് ഏഴിന് ഷാർജ അൽ-നദിയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറകിലൊരു ബാഗും തൂക്കി നടന്നു തുടങ്ങി. ലക്ഷ്യം സൗദി തലസ്ഥാനത്തെ അൽനസർ ഫുട്ബാൾ ക്ലബിന്റെ ആസ്ഥാനം. തന്റെ ആരാധനാ പുരുഷനായ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാനാണ് ആ യാത്ര. പറ്റുമെങ്കിൽ അയാൾക്കൊപ്പം ഒരു സെൽഫിയെടുക്കണം, ഒരു കൈയൊപ്പ് വാങ്ങണം.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തണുപ്പോ ചൂടോ മരുഭൂമിയുടെ വിജനതയോ ഒന്നും കെ.പി. സിവിൻ എന്നു പേരുള്ള ആ മലയാളി യുവാവിന് തടസ്സമല്ലായിരുന്നു .12 ദിവസം കൊണ്ട് കിലോമീറ്ററുകൾ നടന്നുതാണ്ടി സൗദി-യു.എ.ഇ അതിർത്തിയായ ബത്ഹയിലെത്തി. ഉദ്യോഗസ്ഥരെല്ലാം അതിഥിയെ പോലെ സ്വീകരിച്ചു. വെള്ളവും ബിസ്കറ്റും നൽകി. ലക്ഷ്യം പറഞ്ഞപ്പോൾ പ്രാർഥനയോടെ ആശീർവദിച്ചു. യാത്രയിലുടനീളം സൗദിയുടെ ആതിഥേയത്വം രുചിച്ചുകൊണ്ടിരുന്നു. പെട്രോൾ പമ്പിലും, തൊഴിലാളികളുടെ ക്യാമ്പിലും വിശ്രമിച്ചും അന്തിയുറങ്ങിയും നടത്തം പുരോഗമിച്ചു.
ഒടുവിൽ ഏപ്രിൽ 11 ന് റിയാദിലെത്തി. തന്റെ സ്വപ്നത്തോളം ഉയരമുണ്ടായിരുന്നില്ല റിയാദ് നഗരത്തിന്റെ നടുക്ക് തല ഉയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്കെന്ന് സിവിൻ പറയുന്നു. വൈകാതെ അൽനസർ ക്ലബ് താരങ്ങൾ പരിശീലനം നടത്തുന്ന കേന്ദ്രം കണ്ടെത്തി. എല്ലാ ദിവസം രാവിലെ പരിശീലന കേന്ദ്രത്തിന്റെ കവാടത്തിലെത്തും. ചീറിപ്പാഞ്ഞു വരുന്ന വെളുത്ത ബെന്റ്ലി കാറിൽ പലപ്പോഴും റൊണാൾഡോയെ ഒരു നോക്കുകണ്ടു. ഇടക്കൊക്കെ ഒരു ചിരിയും സമ്മാനിച്ചു. ലക്ഷ്യം പക്ഷെ അതല്ല, നേരിൽ കണ്ടൊരു ഹായ് പറയലാണ്. കൈയിൽ കരുതിയ ടീഷർട്ടിൽ ഒരു ഒപ്പ് വാങ്ങലാണ്.
ദിവസങ്ങൾ ഓരോന്ന് കടന്നുപോവുകയാണ്. എല്ലാ ദിവസവും രാവിലെ ഒമ്പതു മണിക്ക് സിവിൻ പരിശീലനം നടക്കുന്ന ഗ്രൗണ്ടിന് മുന്നിലെത്തും. 11 മണിക്ക് റൊണാൾഡോയും അവിടെയെത്തും 12.30ന് അയാൾ ഗ്രൗണ്ടിൽ ഇറങ്ങും. മൂന്നു മണിക്ക് തിരിച്ചു വീട്ടിലേക്ക് മടങ്ങും.
ഇതിനിടയിൽ സിവിൻ പല തവണ അങ്ങോട്ട് കാണുന്നുണ്ടെങ്കിലും റൊണാൾഡോയുടെ കണ്ണിൽ പതിയുന്നില്ല. 13 ദിവസം പിന്നിട്ടു. ലക്ഷ്യം സാധ്യമായില്ല. ലക്ഷ്യം കാണാതെ മടങ്ങാൻ അയാൾ ഒരുക്കവുമില്ലായിരുന്നു. യാത്രക്കുമുമ്പ് സിവിൻ പോർചുഗീസ് ഭാഷ പഠിച്ചു. റെണാൾഡോയെ കാണാൻ സൗദിയിലേക്കു കാൽനടയായി പുറപ്പെടുകയാണെന്നും ആഗ്രഹം സാധ്യമാക്കാൻ പ്രാർഥിക്കണമെന്നും വീഡിയോ റെക്കോഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇത് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിലീസ്റ്റിലെ അറബിക് ടെലിവിഷൻ ചാനലായ എം.ബി.സി വാർത്തയാക്കിയിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടിട്ടാവണം, അൽനസർ ക്ലബിന്റെ സംഘാടകർ സിവിനെ ഓഫിസിൽ വിളിച്ചും സമ്മാനം കൊടുത്തും സൽക്കരിച്ചു. അവരും കൂടിക്കാഴ്ച ഉറപ്പുനൽകിയില്ല. 14-ാമത്തെ ദിവസം പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിൽ വന്ന ബെൻലി കാറിന്റെ ഗ്ലാസ് താഴ്ന്നുവന്നു. നിറചിരിയോടെ തന്റെ ഇഷ്ടതാരം. റൊണാൾഡോയുടെ അടുത്തേക്കു ചെന്നു. പഠിച്ചു വെച്ച പോർചുഗീസ് ഭാഷയിൽ സ്വയം പരിചയപ്പെടുത്തി. യു.എ.ഇയിൽനിന്ന് നടന്നുവന്നതും പറഞ്ഞു. ആശ്ചര്യത്തോടെ അയാളുടെ ചിരിക്ക് പ്രസരിപ്പുകൂടി.
ഒരു ഒപ്പ് കിട്ടാൻ കൈയിൽ കരുതിയ ടീ ഷർട്ട് എടുത്ത് കൊടുത്തു. സിവിന്റെ സ്വ പ്നം ആ ടീ ഷർട്ടിൽ പതിഞ്ഞു. ഒരു സെൽഫിയും പകർത്തി. എല്ലാംകൂടി ഒന്നര മിനിറ്റ്. ഗുഡ് ബൈ...അപ്പോഴേക്കും ആളുകൾ കൂടി വാഹനം മുന്നോട്ടുനീങ്ങി. അവിസ്മരണീയനിമിഷം സമ്മാനിച്ച തന്റെ ആരാധ്യ താരത്തിനും ദൈവത്തിനും സിവിൻ നന്ദി പറഞ്ഞു. ഈ ഒന്നരമിനിറ്റ് നേരത്തിനായാണ് 31 ദിവസം നടന്നത്, 14 ദിവസം കാത്തു നിന്നത്. സിവിന്റെ സ്വപ്നത്തിന് റിയാദിൽ തിരശീല വീണിരിക്കുന്നു.
ഇനി തൊഴിലിടമായ ദുബൈയിലേക്ക് പറക്കണം. ദുബൈയിൽ രണ്ടര വർഷമായി പ്രവാസിയായ കോഴിക്കോട് കോടഞ്ചേരി സ്വദേശി സിവിൻ 2021ൽ 3500 കിലോമീറ്റർ താണ്ടി കശ്മീരിലേക്ക് കാൽനടയാത്ര ചെയ്തിട്ടുണ്ട്. ദാരിദ്ര്യവും കഷ്ടപ്പാടും പരിഹാസവും മറികടന്ന് നിശ്ചയദാർഢ്യം കൈമുതലാക്കി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന ക്രിസ്റ്റ്യാനോയല്ലാതെ ആരാണ് സാഹസിക യാത്രകൾക്കുള്ള പ്രചോദനമെന്ന് ചോദ്യത്തിന് മറുപടിയായി സിവിൻ 'ഗൾഫ് മാധ്യമ' ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.