സൗദി ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മേളയിൽ ശ്രദ്ധേയമായി ഇന്ത്യൻ പവിലിയനുകൾ
text_fieldsറിയാദ്: സൗദി തലസ്ഥാനനഗരം ആതിഥേയത്വം വഹിച്ച ത്രിദിന ആഡംബര ആതിഥേയ ഉൽപന്നങ്ങളുടെ വ്യാപാര മേളയിൽ ഇന്ത്യൻ പവിലിയനുകളുടെ സാന്നിധ്യം ശ്രദ്ധേയമായി.
ഹോട്ടലുകൾ, വില്ലകൾ, റിസോട്ടുകൾ, ആഡംബര വീടുകൾ തുടങ്ങിയ കെട്ടിടങ്ങളുടെ നിർമാണം മുതൽ എല്ലാ മേഖലയിലുള്ളവരുടെയും ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തിയ മേള ഈമാസം 17ന് തുടങ്ങി 19ന് സമാപിച്ചു. റിയാദ് റോഷൻ ഫ്രണ്ടിൽ നടന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പങ്കെടുത്തു.
ബഹുരാഷ്ട്ര കമ്പനികളിൽ പലരും സൗദിയിൽ നിർമാണ ഫാക്ടറികൾ നിർമിക്കാനുള്ള ആഗ്രഹത്തിലും ഒരുക്കത്തിലുമാണ്. ‘വേൾഡ് എക്സ്പോ 2030’യും ‘ഫിഫ ലോകകപ്പ് 2034’ഉം സൗദിയിലെത്തുന്നത് ഈ മേഖലയിൽ വലിയ സാധ്യതയാണ് തുറക്കുന്നത്.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയാണ് വിദേശ നിക്ഷേപകരുടെ ലക്ഷ്യം. നിക്ഷേപ നിയമത്തിലുണ്ടായ ഗുണകരമായ മാറ്റവും പുതിയ സാധ്യതകളും സൗദിയിലേക്ക് നിർമാണക്കമ്പനികളും നിക്ഷേപകരും കൂടുതലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉൽപന്നങ്ങൾ മേളയിലെത്തിയിരുന്നു. ഒട്ടകയെല്ലുകൾ കൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുമായാണ് ജോധ്പുർ സ്വദേശി സുബൈദ ഖാദിരി എത്തിയത്. കൗതുകവസ്തുക്കളെ കുറിച്ച് അറിയാനും നിർമാണരീതിയെ പഠിക്കാനും സന്ദർശകർ ആഗ്രഹം പ്രകടിപ്പിച്ച് പവിലിയനിലെത്തിയിരുന്നെന്ന് സുബൈദ ഖാദിരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഡൽഹി കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനിയും പോത്തിന്റെ എല്ല് കൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കുന്ന, ദേശീയ അവാർഡ് ജേതാവ് കൂടിയായ ലഖ്നോ സ്വദേശി ജലാലുദ്ദീന്റെ കൗണ്ടറിലും സ്വദേശി സന്ദർശകർ ഏറെയെത്തി. ഇന്ത്യൻ ടെക്സ്റ്റൈൽ മന്ത്രാലയമാണ് ഇന്ത്യയുടെ പ്രതിനിധികളായി ഇവരെ മേളയിലെത്തിച്ചത്.
740ഓളം പ്രദർശകരും 40ലേറെ മനോഹരമായി അലങ്കരിച്ച പവിലിയനുകളും മേളയെ ആകർഷകമാക്കി. വ്യത്യസ്ത സെഷനുകളിൽ മേഖലയിലെ 60 ലധികം പ്രഭാഷകർ സംസാരിച്ചു.
രാജ്യത്തെ സാധ്യതയും ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇതിനകം വന്ന മാറ്റങ്ങളും ഇനി വരാനിരിക്കുന്ന മാറ്റങ്ങളും സെഷനുകൾ ചർച്ച ചെയ്തു. ആതിഥേയ മേഖലയിൽ ടെക്നോളജി ഉപയോഗിച്ചുള്ള അത്ഭുതകരമായ മാറ്റങ്ങളെ കുറിച്ചുള്ള പ്രത്യേക ലൈവ് ഷോകളും മേളയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.