മക്കയിൽ ആദ്യ ജുമുഅയുടെ നിറവിൽ ഇന്ത്യൻ ഹാജിമാർ
text_fieldsമക്ക: വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയിൽ പങ്കുകൊള്ളാനായ ചാരിതാർഥ്യത്തിലാണ് മക്കയിലെത്തിയ ഹാജിമാർ. ആത്മീയ തേട്ടങ്ങളുടെ തീർഥപാതയിൽ ഇന്ത്യൻ ഹാജിമാർക്കിത് മക്കയിലെ ആദ്യ വെള്ളിയാഴ്ചയായിരുന്നു. എട്ടുദിനങ്ങളിലെ മദീനസന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള 5,000ത്തോളം തീർഥാടകരാണ് മസ്ജിദുൽ ഹറാമിൽ ജുമുഅയിലും പ്രാർഥനയിലും പങ്കുകൊണ്ടത്. ജീവിതത്തിലെ അപൂർവമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അവർ ഹറമിൽ ഭക്തിയിൽ മുഴുകാനായതിന്റെ ആഹ്ലാദത്തിലാണ്. ഇന്ത്യൻ തീർഥാടകരിൽ നല്ലൊരു പങ്ക് മലയാളികളാണ്. വെള്ളിയാഴ്ച രാവിലെ മുതൽ തീർഥാടകർ ഹറമിൽ എത്തിത്തുടങ്ങി. 11.30ഓടെ മുഴുവൻ തീർഥാടകരെയും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തകർ ഹറമിൽ എത്തിച്ചു. ഒന്നു മുതൽ നാലുവരെ നമ്പറുകളിലുള്ള ബസ് സ്റ്റേഷനുകളിൽനിന്നാണ് ഹാജിമാർ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടത്. മസ്ജിദുൽ ഹറമിനടുത്ത ബാബ് അലി ബസ് സ്റ്റേഷൻ വഴിയാണ് ഇന്ത്യൻ തീർഥാടകർ മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിച്ചത്.
40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു അന്തരീക്ഷോഷ്മാവ്. മസ്ജിദുൽ ഹറാമിലും പരിസരത്തും കടുത്ത ചൂടായിരുന്നു. ഇത് കണക്കിലെടുത്തുതന്നെ സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്നു. വഴി കാണിക്കാനും ഹാജിമാരെ താമസസ്ഥലത്തേക്കുള്ള ബസിൽ കയറ്റിവിടുന്നതിനും നൂറുകണക്കിന് സന്നദ്ധസംഘടന പ്രവർത്തകർ ബാബ് അലിയിലും മഹബസ് ജിന്നിലും സജീവമായിരുന്നു. ഇവരുടെ സേവനം ഹാജിമാർക്ക് ഏറെ അനുഗ്രഹമായി. ഹജ്ജ് കോൺസുൽ സാബിറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ വളന്റിയർമാരും മെഡിക്കല് സംഘവും ഹറമിലും പരിസരത്തും സർവസജ്ജരായി ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ എല്ലാ ഹാജിമാരെയും തിരിച്ച് അവരവരുടെ താമസസ്ഥലങ്ങളിൽ എത്തിച്ചു. ഇന്ത്യയിൽനിന്ന് ഇതുവരെ 29,963 തീർഥാടകരാണ് മദീനയിലെത്തിയത്.
എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഓരോ സംഘമായി മക്കയിൽ എത്തുന്നത്. വെള്ളിയാഴ്ച ജിദ്ദ വഴിയും ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ ആദ്യ സംഘമെത്തി. വരും ദിവസങ്ങളിലും ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹാജിമാർ ജിദ്ദ വഴി എത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് കേരളത്തിൽനിന്നുള്ള അവസാന വിമാനം 377 ഹാജിമാരെയുംകൊണ്ട് മദീനയിൽ ഇറങ്ങിയത്.
മദീന സന്ദർശനം പൂർത്തിയാക്കി 386 മഹ്റമില്ലാ വിഭാഗമുൾപ്പെടെ 1,885 ഹാജിമാർ മക്കയിൽ എത്തിയിട്ടുണ്ട്. ബാക്കി തീർഥാടകർ മദീന സന്ദർശനം തുടരുകയാണ്. അവിടെ സന്ദർശനം പൂർത്തിയാവുന്ന മുറക്ക് മക്കയിലേെക്കത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.