ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ; ചരിത്രത്തിലാദ്യം
text_fieldsജിദ്ദ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചു. മുംബൈയിൽ നിന്നും സൗദി എയർലൈൻസ് വഴി ഇന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലെത്തിയ ആദ്യ സംഘമാണ് വിമാനത്താവളത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ നേരിട്ട് മക്കയിലേക്ക് യാത്ര തിരിച്ചത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളായി ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സൗദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽ ഹർബി, സൗദി ഹജ്ജ്, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഹാജിമാരോടൊപ്പം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ യാത്രയിൽ പങ്കുചേർന്നു. ഇന്ത്യയെ സംബന്ധിച്ച് മാത്രമല്ല, സൗദി അറേബ്യയെ സംബന്ധിച്ചും ജിദ്ദ വിമാനത്താവളത്തിൽ നിന്നും നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിതെന്ന് അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ പറഞ്ഞു.
സാധാരണ രീതിയിൽ ജിദ്ദ എവിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ ഹാജിമാരും ഹജ്ജ് സേവന കമ്പനികൾ ഏർപ്പെടുത്തുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഈ വർഷം 10 ലക്ഷം തീർത്ഥാടകർക്ക് അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നിന്നും മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്നും ജിദ്ദയിലെത്തുന്ന ഏകദേശം 32,000 ഹാജിമാർക്ക് മാത്രമാണ് ഈ വർഷം ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ യാത്ര വളരെ സുഖകരമാക്കുകയും ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കുകയും ചെയ്യും. ട്രെയിനിൻ്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്. മുംബൈയിൽ നിന്നും വരും ദിവസങ്ങളിൽ ജിദ്ദയിലെത്തുന്ന മുഴുവൻ തീർത്ഥാടകരെയും അൽ ഹറമൈൻ അതിവേഗ ട്രെയിൻ വഴിയായിരിക്കും മക്കയിലെത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.