ഇന്ത്യൻ സ്കൂൾ ഫീസ് വർധന: ഇരുട്ടടിയേറ്റ് പ്രവാസി കുടുംബങ്ങൾ; പ്രതിഷേധം പുകയുന്നു
text_fieldsജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ട്യൂഷൻ ഫീസിനൊപ്പം മറ്റു ഫീസും വർധിച്ചതോെട രക്ഷിതാക്കൾക്ക് ഇരുട്ടടി. മുന്നറിയിപ്പില്ലാതെയാണ് ഇതര ഫീസ് വർധന എന്ന് ആരോപിച്ച് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചതിനു പിന്നാലെയാണ് മറ്റു ഫീസും ഉയർത്തിയിരിക്കുന്നത്. എന്നാൽ, മറ്റു ഫീസ്വർധനവിനെക്കുറിച്ച് ഒരു വിവരവും തങ്ങൾക്കു നൽകിയിരുന്നില്ലെന്ന ആക്ഷേപമാണ് രക്ഷിതാക്കൾ ഉയർത്തുന്നത്.
ഈ മാസം മുതൽ ട്യൂഷൻ ഫീസിനത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടാവുമെന്ന് രണ്ടാഴ്ച മുമ്പ് സ്കൂൾ പ്രിൻസിപ്പൽ രക്ഷിതാക്കൾക്ക് സർക്കുലർ അയച്ചിരുന്നു. അതനുസരിച്ച് രക്ഷിതാക്കൾ പുതുക്കിയ ട്യൂഷൻ ഫീസ് അടക്കാൻ സ്കൂളിൽ എത്തിയപ്പോഴാണ് മറ്റു ഫീസുകളിലും വർധനവ് വരുത്തിയ വിവരമറിയുന്നത്. കെ.ജി മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾ അടക്കേണ്ട ടേം ഫീസ് 50 റിയാലിനു പകരം 100 റിയാലായാണ് വർധിപ്പിച്ചിരിക്കുന്നത്. 11, 12 ക്ലാസുകളിൽ ഇത് 100 റിയാലിന് പകരം 150 റിയാലാക്കിയിട്ടുണ്ട്. മറ്റു ചെലവുകൾ എന്ന പേരിൽ വാങ്ങിയിരുന്ന 25 റിയാൽ ഈ മാസം മുതൽ 50 റിയാലായി വർധിപ്പിച്ചിട്ടുണ്ട്. സ്പോർട്സ്, ആക്റ്റിവിറ്റി ഇനങ്ങളിലും ഫീസുകൾ വർധിപ്പിച്ചിട്ടുണ്ട്.
450 റിയാൽ വാങ്ങിയിരുന്ന സി.ബി എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ ഫീസ് ഈ വർഷം 575 റിയാലാക്കിയിട്ടുണ്ട്. 12ാം ക്ലാസ് പരീക്ഷാ ഫീസാവട്ടെ 500ൽനിന്ന് 630 ആയും ഉയർത്തി. സി. ബി.എസ്.ഇ പരീക്ഷകളിൽ ബോർഡ് തന്നെ ഫീസിനത്തിൽ വർധനവ് വരുത്തിയതിനാലാണ് സ്കൂളിലും ഫീസ് വർധിപ്പിച്ചതെന്നു രക്ഷിതാക്കളെ സർക്കുലർ വഴി അറിയിച്ചിരുന്നെങ്കിലും മറ്റു ഫീസ് വർധനവിനെ സംബന്ധിച്ച് ഒരു വിവരവും രക്ഷിതാക്കൾക്ക് നൽകിയിരുന്നില്ല. വർധിപ്പിച്ച ട്യൂഷൻ ഫീസ് പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെ മുന്നറിയിപ്പില്ലാതെ മറ്റു ഫീസുകൾ കൂടി വർധിപ്പിച്ചതിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.