ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് സി.പി.ആർ പരിശീലനം നൽകി
text_fieldsദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കുളിലെ കുട്ടികൾക്കുവേണ്ടി അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനാവശ്യമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദാറസ്സിഹ മെഡിക്കൽ സെൻററാണ് പരിപാടി ഒരുക്കിയത്. സി.എം.ഇ ഹാളിൽ നടന്ന പരിശീലനത്തിന് ട്രെയിനർ റോബിൻ മോജിക നേതൃത്വം നൽകി. ഹയർ സെക്കൻഡറി വിഭാഗത്തിലെ സയൻസ് ഹെൽത്ത് ക്ലബിലെ പ്രത്യേകം തെരഞ്ഞെടുത്ത 15 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. പഠനത്തിനൊപ്പം ജീവിതപാഠങ്ങളും പകർന്നുനൽകുക എന്ന ലക്ഷ്യവുമായി സ്കുൾ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നാല് മണിക്കൂർ നീണ്ട പരിശീലനത്തിൽ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന ഒരാളുടെ ജീവൻ രക്ഷിക്കാൻ പ്രാഥമികമായി നൽകേണ്ട ശുശ്രൂഷകളെക്കുറിച്ചാണ് പ്രധാനമായും പരിശീലിപ്പിച്ചത്.
ഇത്തരം അറിവുകൾ നേടുന്നത് ചുറ്റുപാടും സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ കണ്ട് നിൽക്കാതെ ഇടപെടാനും ജീവൻ രക്ഷിക്കാനും ഇടയാക്കുമെന്ന് പരിശീലക സംഘത്തിന് നേതൃത്വം കൊടുത്ത ചീഫ് നഴ്സിങ് ഓഫിസർ എർലിൻ നവാരോ പറഞ്ഞു.
ജീവിതത്തിലെ അപൂർവ അനുഭവമായിരുന്നു പരിശീലന ക്ലാസെന്നും കൂടുതൽ ആത്മവിശ്വാസം പകരാൻ അത് ഉപകരിച്ചെന്നും പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. വരുംദിവസങ്ങളിൽ സേവന സന്നദ്ധരായ കൂടുതൽ കുട്ടികളെ കണ്ടെത്തി ഇത്തരം പരിശീലനങ്ങൾ നൽകാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ സ്കുൾ അധ്യാപകൻ പ്രഭാകർ ചന്ദോല പറഞ്ഞു. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മെഡിക്കൽ ഓഫിസർ ഡോ. ഹാദി അൽഅവാമി, ബി.ഡി.ഒ സുനിൽ മുഹമ്മദ്, ലയ്ത് ജമാൽ, എർലിൻ നവാരോ, സാറാ അൽഖുദ്രി, അമാനി, സുധീർ, ഫാസിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.