ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കും -ഇന്ത്യൻ അംബാസഡർ
text_fieldsദമ്മാം: ഓൺലൈൻ പഠന സംവിധാനത്തിൽ നിന്ന് മാറി സ്കുളുകൾ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കിഴക്കൻ പ്രവിശയിലെ അൽ ഖോബാർ അൽ ഖൊസൈബി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് ഫോറം ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പ്രത്യേക അനുമതിയോടെ അധ്യാപകർ സൗദിയിലേക്ക് തിരികെ വന്നു തുടങ്ങിയെങ്കിലും നിലവിൽ അവധിക്ക് പോയി സ്വദേശങ്ങളിൽ കഴിയുന്ന വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്കുളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നാട്ടിലുള്ള വിദ്യാർഥികളെയും തിരികെയെത്തിക്കുന്നതിനുള്ള ചർച്ചകൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് തവണ വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. അധികം താമസിയാതെ സെൻറർ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കോവിഡ് മാനദണ്ഡങ്ങൾ പിഴവില്ലാതെ പാലിക്കാൻ ഓരോ ഇന്ത്യാക്കാരനും പ്രതിഞ്ജാബദ്ധമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ഇന്ത്യൻ ബിസിനസ് ഫോറം പ്രസിഡൻറ് സയ്യിദ് നവീദ് ഖനി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് വിവിധ വ്യക്തികളെ ആദരിച്ചു. ഇതിനിടെ, പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിെൻറ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന അധ്യാപകർക്കും സൗദി പ്രവേശനം നൽകി തുടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു ഇതുവരെ സൗദിയിലേക്ക് നേരിട്ട് വന്നുകൊണ്ടിരുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രത്യേക അഭ്യർഥന കത്തും സ്ഥാപനത്തിെൻറ മുദ്രയോട് കൂടിയ തിരിച്ചറിയൽ കാർഡും ഉണ്ടെങ്കിൽ കേരളത്തിൽ നിന്നും ചാർട്ട് ചെയ്ത് വരുന്ന വിമാനങ്ങളിൽ സൗദിയിലേക്ക് വരാമെന്ന് അനുഭവസ്ഥർ പറയുന്നു.
ഇഖാമയിൽ രേഖപ്പെടുത്തിയ തസ്തിക 'അധ്യാപകൻ' എന്നാണോ എന്ന് സൗദി വിമാനത്താവളങ്ങളിൽ പ്രത്യേകം പരിശോധിക്കുന്നതായും അനുഭവസ്ഥർ വ്യക്തമാക്കി. എന്നാൽ യൂനിവേഴ്‌സിറ്റി അധ്യാപകർക്ക് ഇഖാമയിൽ പഠന വിഷയം രേഖപ്പെടുത്തൽ നിർബന്ധമില്ലെന്നും ഇവർ പറയുന്നു. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും ഈ ആനുകൂല്യത്തിൽ സൗദിയിലേക്ക് വരാം. മറ്റു യാത്രക്കാരെ പോലെ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രക്ക് 72 മണിക്കൂർ മുമ്പ് മുഖീം പോർട്ടലിൽ നടത്തേണ്ട അറൈവൽ രജിസ്‌ട്രേഷൻ തുടങ്ങിയ നടപടിക്രമങ്ങൾ അധ്യാപകരും പാലിക്കേണ്ടതാണ്. അതേ സമയം സ്കുളുകളുടെ നേരിട്ടുള്ള സ്പോൺസർഷിപ്പിലല്ലാത്ത അനവധി അധ്യാപകർ ഇപ്പോഴും നാട്ടിലാണ്. അവരുടെ തിരിച്ചു വരവിെൻറ സാധ്യതകൾ ഇപ്പോഴും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.