നഴ്സ് ഷീബ എബ്രഹാമിനെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു
text_fieldsജിസാൻ: കോവിഡ് കാലത്തെ മികച്ച സേവനത്തിലൂടെ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ ബഹുമതിക്ക് അർഹയായ മലയാളി നഴ്സ് ഷീബ എബ്രഹാമിനെ ജിസാൻ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ കോവിഡ് വാർഡിൽ മികച്ച സേവനം അനുഷ്ഠിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പ്രത്യേക ബഹുമതി സമ്മാനിച്ചത്. ജിസാൻ അബു അരീഷ് ആശുപത്രിയിൽ 14 വർഷമായി സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കുകയാണ് ഷീബ എബ്രഹാം. സൗദിയിൽ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർക്കും പ്രവാസി മലയാളികൾക്കും വലിയ അഭിമാനമാണ് ഇതിലൂടെ ലഭിച്ചതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡൻറ് മുസ്തഫ ചെറുതിരുത്തി പറഞ്ഞു.
കോവിഡ് കാലത്തെ ഈ അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഇന്ത്യൻ സോഷ്യൽ ഫോറത്തിന് സാധ്യമാവുന്ന എല്ലാ സഹായ സഹകരങ്ങളും ഉണ്ടാകുമെന്നും ഷീബ എബ്രഹാം ഉറപ്പുനൽകി. തെൻറ ഉയർച്ചയിലും താഴ്ചയിലും താങ്ങും തണലുമായി എപ്പോഴും കൂടെയുള്ള ഭർത്താവ് ഷീൻസ് ലൂക്കോസിനോടാണ് ഈ പുരസ്കാര നേട്ടത്തിൽ കടപ്പെട്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ കമ്മിറ്റി ജനറൽ സെക്രട്ടറി സനോഫർ വള്ളക്കടവ് ഉപഹാരം നൽകി. ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗമായ അൻവർഷാ കൊല്ലം, ബ്രാഞ്ച് ഭാരവാഹികളായ മുജീബ് വണ്ടൂർ, മുസ്തഫ ഗൂഡല്ലൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.