ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ്യ ബ്ലോക്ക് റിപ്പബ്ലിക് ദിനമാഘോഷിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ഷറഫിയ്യ ബ്ലോക്ക് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ഷറഫിയ്യ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷിബു ഗൂഡല്ലൂർ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ വർത്തമാന രാഷ്ട്രീയം ഉത്ക്കണ്ഠയുളവാക്കുന്നതാണെന്നും എന്നാൽ ഉത്തരവാദിത്തമുള്ള ഇന്ത്യൻ പൗരൻ എന്ന നിലയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഓരോ പ്രവാസിയും പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾ നാടിന്റെ സമ്പദ്‌ഘടനയുടെ നട്ടെല്ലാണെന്ന് പ്രസ്താവനയിറക്കുകയും കോവിഡാനന്തരം തിരിച്ചുപോകുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വ്യവസ്ഥാപിതമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കാതിരിക്കുന്നത് പ്രവാസികളോട് ചെയ്യുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ്‌കുട്ടി തിരുവേഗപ്പുറ മുഖ്യ പ്രഭാഷണം നടത്തി.
അധികാരത്തിലിരുന്നിട്ടും അതിജീവനത്തിനു വേണ്ടി പാടുപെടുന്ന സി.പി.എം സംസ്ഥാനത്ത് സംഘപരിവാര അജണ്ടകൾ നടപ്പാക്കാൻ ആർ.എസ്.എസിനേക്കാൾ ഒരുപടി മുന്നിലോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‍ലിം പെൺകുട്ടികളുടെ ഹിജാബിന്റെ കാര്യത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാർ സ്വീകരിച്ച അതേ സമീപനമാണ് സ്റ്റുഡന്റ്സ് പൊലീസ് വിഷയത്തിൽ കേരളത്തിൽ ഇടതു സർക്കാറും നടപ്പാക്കുന്നത്. മുൻകാല ഇടതു നേതാക്കൾ സംഘപരിവാര ഭീഷണിക്ക് ചെവികൊടുത്തിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യലിസം കാറ്റിൽ പറത്തി പൂർണമായും ആർ.എസ്.എസിന് കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി റഫീഖ് പഴമള്ളൂർ സ്വാഗതവും നബീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ചടങ്ങിൽ യാഹൂട്ടി തിരുവേഗപ്പുറ, ഗഫൂർ റയ്യാൻ, ഷുക്കൂർ തിരുവേഗപ്പുറ, അസീസ് മേപ്പാടി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ഷറഫിയ്യ ബ്ലോക്കിനു കീഴിലുള്ള വ്യത്യസ്ത ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏകദിന ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.