റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കായികസംഗമം
text_fieldsജിദ്ദ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ബനിമാലിക് ബ്ലോക്ക് കമ്മിറ്റി കായികസംഗമം നടത്തി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മമ്പാട് ഉദ്ഘാടനം ചെയ്തു.
ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളെ ഓരോന്നായി റദ്ദ് ചെയ്തുകൊണ്ടിരിക്കുന്ന കലുഷിതമായ ഇന്ത്യൻ സാഹചര്യത്തിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് അസാധാരണമായ കാലിക പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലും കർണാടകയിലും വിദ്യാർഥികളെ വേഷത്തിന്റെ പേരിൽ വിദ്യാലയങ്ങളിൽനിന്ന് അകറ്റിനിർത്തുന്ന സംഭവത്തെ ഉദ്ദരിച്ചുകൊണ്ട് രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടങ്ങളുടെ സമീപനം വിവേചനപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരസ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയും കരിനിയമങ്ങൾ ചാർത്തി അഴിക്കുള്ളിലാക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് തന്ത്രം ദിനംപ്രതി കൂടുതൽ പ്രായോഗികവത്കരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി. നിരപരാധികളായ മുസ്ലിം യുവാക്കളെ കരിനിയമങ്ങൾ ചാർത്തി ജയിലിലടക്കുകയും പതിറ്റാണ്ടുകൾക്ക് ശേഷം മാത്രം നിരപരാധിത്വം തെളിയിക്കപ്പെട്ട് മോചിപ്പിക്കപ്പെടുന്നതും തുടർക്കഥയാകുന്നത് ഗൗരവകരമായ അനീതിയാണന്ന് അദ്ദേഹം പറഞ്ഞു. വൈദേശിക ആധിപത്യത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഇന്ത്യൻ ജനത ഒരുമിച്ചുനിന്ന് പോരാടിയത് പോലെ ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ഇന്ത്യൻ ജനത സമരസജ്ജരാവണമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ബനിമാലിക് ബ്ലോക്കിന് കീഴിലുള്ള സാമിർ, അനാക്കിഷ്, ഉമ്മുൽഖുറ, നഖീൽ എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബാൾ മത്സരം നടന്നു.
ബ്ലോക്ക് പ്രസിഡന്‍റ് യൂനുസ് തുവ്വൂർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി റാസിഖ് കൊല്ലം സ്വാഗതവും ജോയൻറ് സെക്രട്ടറി ഷെമീർ കൊളത്തൂർ നന്ദിയും പറഞ്ഞു. യാഹു തിരുവേഗപ്പുറ, മുഹമ്മദ് മുക്താർ ഷൊർണൂർ, ഗഫൂർ കാന്തപുരം, റംഷീദ് തിരൂർക്കാട്, സലാഹുദ്ദീൻ ചാപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.