കോവിഡ്; പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ യുദ്ധക്കപ്പൽ ദമ്മാം തീരത്ത്
text_fieldsദമ്മാം: കോവിഡ് 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയ്യറാക്കിയ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ഇന്ത്യൻ നേവിയുടെ ഐ.എൻ തർക്കാഷ് യുദ്ധക്കപ്പൽ ബുധനാഴ്ച സൗദിയുടെ ദമ്മാം തീരത്ത് എത്തി.
സൗദിയിൽ നിന്ന് ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിക്കുന്നതിനാണ് കപ്പലെത്തിയത്. ദമ്മാം തുറമുഖ, കസ്റ്റംസ് അധികൃതരും ഇന്ത്യൻ എംബസ്സി പ്രതിനിധികളും കപ്പലിനെ സ്വീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ ഓക്സിജൻ നിറച്ച ക്രയോജനിക് കണ്ടെയ്നറുകളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും രാജ്യത്ത് എത്തിക്കുന്നതിനായാണ് ഇന്ത്യൻ നേവി ഓപ്പറേഷൻ സമുദ്ര സേതു രണ്ട് (ഓഷ്യൻ ബ്രിഡ്ജ്) ആരംഭിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ നൽകി സൗദിയിൽ നിന്നുള്ള നിരവധി കമ്പനികൾ രംഗത്ത് വന്നിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകൾ നൽകുന്ന 100 ഓക്സിജൻ സിലണ്ടറുകൾ, എൽഫിറ്റ് അറേബ്യയുടെ 200 ഉം ഷാഒ പേർജി പല്ലോഞ്ചി ഗ്രൂപ്പ് നൽകുന്ന 50 ഓകസ്ജിൻ സിലണ്ടറുകൾക്കൊപ്പം നിരവധി മെഡിക്കൽ ഉപകരണങ്ങളും സമുദ്രസേതു വഴി ഇന്ത്യയിലെത്തും. ഇന്ത്യൻ എംബസിയുമായി സഹകരിച്ചുകൊണ്ട് ഇത്തരമൊരു സംരംഭത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് സൗദി അരാംകോ നൽകിയ 60 മെഡ്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ഇന്ത്യൻ എംബസ്സി നന്ദി അറിയിച്ചിരുന്നു. തുടർ മാസങ്ങളിലും ഈ സഹായം സൗദി അരാംകോ തുടരും. സൗദിയിൽ നിന്ന് ഇതുവരെ 300 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും 6,360 ഓക്സിജൻ സിലിണ്ടറുകളും 250 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടെന്ന് എംബസ്സി വൃത്തങ്ങൾ പറഞ്ഞു. കോവിഡ് പകർച്ച വ്യാപനത്തെ തടയാൻ സൗദി അറേബ്യ ഇന്ത്യക്ക് നൽകിയ പിന്തുണ സൂചിപ്പിക്കുന്നത് ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ നിലവാരത്തെ മാത്രമല്ല മറിച്ച് ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ആഴം കൂടിയാണന്ന് എംബസ്സി പറഞ്ഞു. നിരവധി പ്രതിസന്ധികൾക്കിടയിലും സൗദിയിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകരെ തിരികെയെത്തിക്കൽ, സൗദിയിൽ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള അനുമതി, മരുന്നുകളും വാക്സിനുകളുടേയും തുല്ല്യതയോടെയുള്ള വിതരണം, വ്യാപാര വിതരണ ശൃംഖലകൾ പുനരാംരംഭിക്കൽ തുടങ്ങിയവ സാധ്യമാക്കാൻ ഇന്ത്യ സൗദി ഉഭയകക്ഷി ബന്ധങ്ങൾക്ക് സാധിച്ചതായും എംബസ്സി വാർത്താകുറിപ്പിൽ പറഞ്ഞു.
ഇന്ത്യയിൽ എത്തുന്ന ഓക്സിജനും, മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വഴി വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഏജൻസികൾക്ക് വിതരണം ചെയ്യും.കോവിഡിന്റെ അതിവ്യാപനത്തെ തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ പങ്കാളിയാണ് സൗദി അറേബ്യ.
അടുത്ത ആറ് മാസത്തേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വഹിക്കുന്ന ഐ.എസ്.ഒ കണ്ടെയ്നറുകൾ സ്ഥിരമായി വിതരണം ചെയ്യുന്നതിന് സൗദി സന്നദ്ധമാണ്. ഓക്‌സിജന്റെ ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സമുദ്ര സേതു 2 ഓപ്പറേഷനായി ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, ടാങ്കറുകൾ, ഉഭയകക്ഷി കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള മുൻനിര യുദ്ധക്കപ്പലുകൾ ലോകത്ത് വിവിധ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.