യാംബു അൽനഖ്‌ലിൽ ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsയാംബു: ടൗണിൽ നിന്നും ഏകദേശം 50 കിലോമീറ്ററകലെ യാംബു അൽനഖ്‌ലിൽ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി എത്തിയ തൊഴിലാളികൾ ദുരിതത്തിൽ. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയിലെ 25-ഓളം ഇന്ത്യൻ തൊഴിലാളികളാണ് വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിയുന്നത്. അടിസ്ഥാന ആവശ്യമായ വെള്ളവും വൈദ്യുതിയും വരെ ഇടവിട്ടാണ് കമ്പനി തൊഴിലാളികൾക്ക് അനുവദിക്കുന്നത്. മൂന്ന് വർഷമായി നിർമാണത്തിലുള്ള പദ്ധതിയിലെ തൊഴിലളികളേറെയും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇന്ത്യക്കാരിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ, കേരള എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണുള്ളത്. തൊഴിലാളികളിൽ പലരുടെയും താമസരേഖയും ആരോഗ്യ ഇൻഷൂറൻസും കാലാവധിയും ഒരു വർഷത്തോളമായി കഴിഞ്ഞിരിക്കുന്നു. 11 മാസത്തോളായി ജോലിക്കാരുടെ ശമ്പളവും കുടിശികയാണ്. മൂന്ന് മാസത്തോളമായി ഇപ്പോൾ കമ്പനിയിലെ ജോലിയും നിർത്തിവെച്ചിരിക്കുകയാണ്. സ്വദേശികൾ വല്ലപ്പോഴും നൽകുന്ന ജോലികളിൽനിന്ന് ലഭിക്കുന്ന ദിവസവേതനത്തിലാണ് ദുരിതക്കയത്തിലായ തൊഴിലാളികൾ ഇപ്പോൾ നാളുകൾ തള്ളി നീക്കുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
പ്രയാസത്തിലായ തൊഴിലാളികളുടെ പ്രശ്നത്തിൽ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ഇടപെട്ടപ്പോൾ കമ്പനിയിലെ ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്താമെന്ന് വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് മീഡിയ കൺവീനർ ബിഹാസ് കരുവാരക്കുണ്ട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് കമ്പനി പരിഹാരമുണ്ടായില്ലെങ്കിൽ ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങുമെന്നും അതുവരെ ഭക്ഷണത്തിനുള്ള സഹായം നവോദയ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ജിദ്ദ നവോദയ യാംബു ഏരിയാകമ്മിറ്റി രക്ഷാധികാരി അജോ ജോർജ്, ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ്, പ്രസിഡൻറ് വിനയൻ പാലത്തിങ്ങൽ, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ട്രഷറർ ശ്രീകാന്ത്, ഏരിയാകമ്മറ്റിയംഗങ്ങളായ അബ്ദുൽ നാസർ, നൗഷാദ് തായത്ത്, ബിഹാസ് കരുവാരക്കുണ്ട്, റെജി, സമീർ തുടങ്ങിയവർ പ്രശ്‌നപരിഹാരത്തിനും സഹായത്തിനുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.