വൈവിധ്യത്തിലാണ് ഇന്ത്യയുടെ സൗന്ദര്യം -ഫോക്കസ് സെമിനാർ
text_fieldsജുബൈൽ: വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വ്യത്യസ്തതകൾ അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും ഓരോ പൗരനും സാധ്യമാകുമ്പോൾ മാത്രമാണ് സ്വതന്ത്ര ഇന്ത്യയുടെ സൗന്ദര്യം പൂർണമാകുന്നതെന്ന് ഫോക്കസ് സെമിനാർ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഡിവിഷൻ ‘നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ എന്ന തലക്കെട്ടിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പൊടുന്നനെയുണ്ടായ മുറിപ്പാടുകൾക്ക് ഔഷധമായിട്ടാണ് നാനാത്വത്തിൽ ഏകത്വം എന്ന ഭാരതത്തിന്റെ അതിമഹത്തായ ആദർശം നാം ഉയർത്തിപ്പിടിച്ചതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വ്യത്യസ്തതകൾ അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും ഓരോ പൗരനും സാധ്യമാകുമ്പോൾ മാത്രമാണ് ഇന്ത്യയുടെ സൗന്ദര്യം സമ്പൂർണമാകുന്നതെന്നും പോരാട്ടത്തിന്റെ ത്യാഗം നിറഞ്ഞ ചരിത്രം പുതിയ തലമുറ പഠനവിധേയമാക്കണമെന്നും സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ പത്രപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ പറഞ്ഞു. വഹാബ് അധ്യക്ഷത വഹിച്ചു.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖും ജൈനനും ബുദ്ധനും മതമുള്ളവനും മതമില്ലാത്തവനും കറുത്തവനും വെളുത്തവനും ത്രിവർണ പതാകയുടെ കീഴിൽ അണിനിരന്നു. ഭൂമിശാസ്ത്രപരമായി, ഭാഷാപരമായി, രാഷ്ട്രീയപരമായി, മതപരമായി, വൈവിധ്യങ്ങൾ നിറഞ്ഞ ഭാരതത്തിന്റെ ആദർശം ഉയർത്തുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം യാഥാർഥ്യമാവുക.
മതത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുകയും വംശീയ ഉന്മൂലനവും മതവിദ്വേഷവും തീവ്ര ദേശീയതാവാദവും പൗരന്മാരെ ഭിന്നിപ്പിക്കുക മാത്രമേയുള്ളൂവെന്നും ഇവക്കെതിരെ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഷുക്കൂർ മൂസ സ്വാഗതവും ഫൈസൽ പ്രമേയ അവതരണവും സ്വലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.