ഡെന്റൽ ജോലികളിൽ 35 ശതമാനം ഇനി സൗദി പൗരർക്ക് മാത്രം
text_fieldsറിയാദ്: സൗദിയിലെ സ്വകാര്യമേഖലയിൽ ഡെന്റൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാരായ പൗരർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഡെന്റൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സ്വദേശിവതക്രണ പ്രഫഷനുകൾ, ആവശ്യമായ ശതമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കുകയും സ്ഥാപനങ്ങൾ പിഴകൾ ഒഴിവാകുന്നതിന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഡെന്റൽ ജോലികളിൽ മൂന്നോ അതിലധികമോ ജോലിക്കാരുള്ള സ്വകാര്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തീരുമാനത്തിലുൾപ്പെടും. സ്വദേശിവത്കരണ ശതമാനത്തിൽ സൗദി ദന്തഡോക്ടറെ കണക്കാക്കണമെങ്കിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും പ്രതിമാസ വേതനം 7,000 റിയാലിൽ കുറയാത്തതായിരിക്കുകയും വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതിൽ കുറവ് വേതനം ലഭിക്കുന്ന സൗദി ദന്തഡോക്ടറെ സൗദിവൽക്കരണ ശതമാനത്തിൽ കണക്കാക്കില്ല. സ്വദേശികൾക്ക് തൊഴിലവസരം വർധിപ്പിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും തീരുമാനം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കും. പരിശീലനത്തിനും യോഗ്യതാ പരിപാടികൾക്കും പിന്തുണയുമുണ്ടാകും. സ്വദേശിവത്കരണ സപ്പോർട്ട് പ്രോഗ്രാമുകളിൽ നിന്നും പ്രയോജനം നേടുന്നതിൽ മുൻഗണന ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.