അൽബാഹയിൽ 11 തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം
text_fieldsജിദ്ദ: ദക്ഷിണ സൗദിയിലെ അൽബാഹ പ്രവിശ്യയിൽ 11 തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു. അതത് പ്രദേശങ്ങളിലെ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമാണിത്. അൽബാഹ ഗവർണറേറ്റിെൻറ സഹകരണത്തോടെയാണ് മന്ത്രാലയം ഇതു നടപ്പാക്കുന്നത്.
അൽബാഹ പ്രവിശ്യയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയും തൊഴിൽ വിപണിയിലെ സ്വദേശിവത്കരണം കാര്യക്ഷമാക്കുകയും ലക്ഷ്യമിട്ടാണ് നടപടി. റെഡിമെയ്ഡ് വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, എല്ലാ തരത്തിലുമുള്ള പരവതാനികൾ, പുസ്തകങ്ങൾ, ഓഫിസ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, സോപ്പുകൾ, ഡിറ്റർജൻറുകൾ, വെള്ളം, ശീതള പാനീയങ്ങൾ, പഴം പച്ചക്കറികൾ, ഇൗത്തപ്പഴം തുടങ്ങിയ 11 മേഖലകളിലാണ് സമ്പൂർണ സ്വദേശിവത്കരണം.
ഗിഫ്റ്റുകളും കരകൗശലവസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങളിലെ ശുചീകരണ ജോലിയും ലോഡിങ് ആൻഡ് അൺലോഡിങ് ജോലിയും ഡ്രൈവർ ജോലിയും ഒഴികെ ബാക്കിയെല്ലാ ജോലികളുമാണ് 100 ശതമാനവും സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തുന്നത്. കഫേകളിൽ സ്വദേശിവത്കരണം 50 ശതമാനവും റസ്റ്റാറൻറുകളിൽ 40 ശതമാനവുമായിരിക്കും. പുതിയ തീരുമാനം 2022 ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ സ്ഥാപനങ്ങൾക്ക് തീരുമാനം സംബന്ധിച്ച വിവരങ്ങൾ വിശദമായി അറിയുന്നതിനും സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ അറിയുന്നതിനുമുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.