മാർക്കറ്റിങ് തസ്തികകളിലെ സ്വദേശിവത്കരണം: ധാരണപത്രം ഒപ്പുവെച്ചു
text_fieldsജിദ്ദ: സൗദി സ്വകാര്യ മേഖലയിലെ മാർക്കറ്റിങ് തസ്തികകളിലെ സ്വദേശിവത്കരണം കർശനമായി നടപ്പാക്കാൻ മാനവവിഭവ ശേഷി മന്ത്രാലയവും മാനവ വിഭവശേഷി ഫണ്ടും (ഹദഫ്) മാർക്കറ്റിങ് അസോസിയേഷനും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.
തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് സ്വദേശികളെ പരിശീലിപ്പിക്കുന്നതിനും യോഗ്യരാക്കുന്നതിനും സുസ്ഥിര ജോലികൾ നൽകുകയും തൊഴിൽ നൈപുണ്യവും നിലവാരവും ഉയർത്തുകയും ചെയ്യുന്നതിനാണിത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹിയുടെ സാന്നിധ്യത്തിൽ ഹദഫ് ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല, മാനവ വിഭവശേഷി എക്സിക്യൂട്ടിവ് സൂപ്പർവൈസർ അബ്ദുൽ അസീസ് ശംസാൻ, മാർക്കറ്റിങ് അസോസിയേഷൻ ബോർഡ് ഡയറക്ടർ ഡോ. ഖാലിദ് ബിൻ സുലൈമാൻ അൽരാജിഹി എന്നിവർ തമ്മിലാണ് ധാരണയിൽ ഒപ്പുവെച്ചത്.
ധാരണപ്രകാരം മൂന്ന് വകുപ്പുകളും സ്വകാര്യ മേഖലയിലെ മാർക്കറ്റിങ് പ്രഫഷനലുകളെ സ്വദേശിവത്കരിക്കുന്നതിനായി പ്രവർത്തിക്കും. കഴിവുകൾ വികസിപ്പിക്കാനും തൊഴിൽ വിപണിക്ക് ആവശ്യമായ അറിവും നൈപുണ്യവും നൽകാനും വിദേശികളായവർക്ക് പകരം സ്വദേശികളെ മാറ്റിനിയമിക്കാനും ശ്രമിക്കും. മാർക്കറ്റിങ് തൊഴിലുകളുടെ നിലവിലെ സ്ഥിതി പഠിക്കാനും വിശകലനം ചെയ്യാനും പരിശീലന പരിപാടികൾ ആരംഭിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നടപടി സ്വീകരിക്കും. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും തൊഴിൽ ഫോറങ്ങൾ സംഘടിപ്പിക്കുകയും പ്രോഗ്രാമുകൾ നൽകി സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുകയും പരിശീലന പരിപാടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക മാനവ വിഭവശേഷി ഫണ്ടായിരിക്കും.
പരിശീലന ഉള്ളടക്കം തയാറാക്കുക, മാർക്കറ്റുകളിൽ ടാർഗറ്റ് ചെയ്ത ജോലികൾ നിർണയിക്കുക, മാർക്കറ്റിങ്ങിലുള്ളവർക്ക് ലൈസൻസ് നൽകുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും രൂപവത്കരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് പ്രവർത്തിക്കുക, മാർക്കറ്റിങ് ജോലിക്കാരുടെ യോഗ്യത വികസിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലന പദ്ധതികൾ സൃഷ്ടിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവ മാർക്കറ്റിങ് അസോസിയേഷന് കീഴിലായിരിക്കും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.