സൗദിയിൽ ആറ് തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. ആറ് തൊഴിലുകളിലാണ് പുതുതായി സ്വദേശികൾക്കായി സംവരണം ചെയ്യുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചു. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്പോർട്ട് ജോലികൾ, കസ്റ്റമർ സഴ്വിസ് ജോലികൾ, ഏഴ് വിൽപന ഔട്ട്ലറ്റുകളിലെ ജോലികൾ എന്നിവയാണ് സ്വദേശിവത്കരിക്കുന്നത്. ഇതിലൂടെ 33,000 ലധികം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്.
വ്യോമയാന രംഗത്തെ ജോലികൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യ ഘട്ടം 2023 മാർച്ച് 15ന് ആരംഭിക്കും. അസിസ്റ്റൻറ് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, എയർ ട്രാൻസ്പോർട്ടർ എന്നിവ 100 ശതമാനവും വിമാന പൈലറ്റുമാർ 60 ശതമാനവും എയർഹോസ്റ്റസ് 50 ശതമാനവും സ്വദേശിവത്കരിക്കും. രണ്ടാംഘട്ടം 2024 മാർച്ച് നാലിന് ആരംഭിക്കും. ഇതിൽ വിമാന പൈലറ്റ് 70 ശതമാനവും എയർഹോസ്റ്റസ് 60 ശതമാനവുമായി ഉയർത്തും. വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. 4,000 പൗരന്മാർക്ക് ഇതിലൂടെ തൊഴിലവസരങ്ങൾ ലഭിക്കും.
നാലോ അതിൽ കൂടുതലോ ജോലിക്കാരുള്ള സ്വകാര്യ കണ്ണട സ്ഥാപനങ്ങളിലും 2023 മെയ് 18 മുതൽ സ്വദേശിവത്കരണം 50 ശതമാനം നടപ്പാക്കും. മെഡിക്കൽ ഒപ്റ്റിക്സ് ടെക്നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലൈറ്റ് ആൻഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ ജോലികൾ ഇതിലുൾപ്പെടും. 1,000ത്തിലധികം തൊഴിലവസരങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നു.
വാഹനങ്ങളുടെ പീരിയോഡിക്കൽ സാങ്കേതിക പരിശോധന സേവന കേന്ദ്രത്തിലെ ജോലികൾ രണ്ട് ഘട്ടങ്ങളായാണ് സ്വദേശിവത്കരിക്കുക. ആദ്യഘട്ടത്തിൽ 50 ശതമാനവും രണ്ടാംഘട്ടത്തിൽ 100 ശതമാനവും. സൈറ്റ് മാനേജർ, അസിസ്റ്റൻറ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപർവൈസർ, സൈറ്റ് സൂപർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ഇൻസ്പെക്ഷൻ അസിസ്റ്റൻറ് ടെക്നീഷ്യൻ, മെയിൻറനൻസ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി എന്നീ തസ്തികകളാണ് സ്വദേശിവത്കരിക്കുന്നത്. 5,000-ത്തിലധികം തൊഴിലവസരങ്ങൾ ഇതിലൂടെ ലഭ്യമാകും. ഒരു വർഷത്തിനുള്ളിൽ നിയമം നടപ്പാക്കും.
തപാൽ, പാഴ്സൽ ഗതാഗത കേന്ദ്രങ്ങളിലെ 14 ജോലികൾ സ്വദേശിവത്കരിക്കും. ഈ വർഷം ഡിസംബർ 17ന് ഈ രംഗത്തെ സ്വദേശിവത്കരണം ആരംഭിക്കും. ചീഫ് എക്സിക്യൂട്ടീവുകളുടെ ജോലികൾ 100 ശതമാനവസീനിയർ മാനേജ്‌മെന്റ് ലെവൽ ജോലികൾ 60 ശതമാനവും സീനിയർ മാനേജ്‌മെൻറ് രണ്ടാം ലെവൽ ജോലികൾ 70 ശതമാനവും സ്വദേശിവത്കരിക്കും. ഈ മേഖലയിൽ 7,000-ത്തിലധികം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി മാറ്റിവെക്കും.
ഉപഭോക്തൃ സേവന (കസ്റ്റമർ സർവിസ്) സ്ഥാപനങ്ങളിലെ തൊഴിൽ സ്വദേശിവത്കരണം 100 ശതമാനമാണ്. ഈ വർഷം ഡിസംബർ 17 മുതൽ നടപ്പാക്കും. 4,000 തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു. ഏഴ് വിൽപ്പന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണത്തിൽ മൊത്തം തൊഴിലാളികളുടെ 70 ശതമാനം ഉൾപ്പെടുന്നതാണ്. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്ലറ്റുകൾ, എലിവേറ്ററുകൾ, ഗോവണികൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്ലറ്റുകൾ, കൃത്രിമ പുല്ലും നീന്തൽക്കുളങ്ങളും വിൽക്കുന്നതിനുള്ള ഔട്ട്ലറ്റുകൾ, ജല ശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ഷോപ്പുകൾ, കാറ്ററിങ് ഉപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയും സ്വദേശിവത്കരണ തീരുമാനത്തിൽ ഉൾപ്പെടും.
ആയുധങ്ങൾ, വേട്ടയാടൽ, യാത്രാസാമഗ്രികൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള ഔട്ട്ലറ്റുകൾ, പാക്കേജിങ് ഉപകരണങ്ങളും ടൂൾ ഔട്ട്ലെറ്റുകളും ഉൾപ്പെടും. ബ്രാഞ്ച് മാനേജർ, സൂപർവൈസർ, ട്രഷറർ, കസ്റ്റമർ അക്കൗണ്ടൻറ്, കസ്റ്റമർ സർവിസ് എന്നിവയാണ് സ്വദേശിവത്കരിക്കുന്നത്. ഇങ്ങനെ 12,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഒരു വർഷത്തിനുള്ളിൽ നടപ്പാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.