വ്യവസായരംഗത്തെ പ്രധാന ജോലികളിൽ സ്വദേശിവത്കരണം സമ്പൂർണം
text_fieldsജിദ്ദ: പ്രാദേശിക വ്യവസായത്തിൽ ചില പ്രധാന ജോലികളിൽ സ്വദേശിവത്കരണം സമ്പൂർണമാക്കിയെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. റിയാദിൽ നടന്ന വ്യവസായിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ജോലികളെല്ലാം സ്ത്രീകൾക്കും ലഭ്യമാണ്. തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വലിയതോതിൽ വികസിച്ചിട്ടുണ്ട്. അടുത്തിടെ ധാരാളം ജോലികളിൽ അവരെ കാണാം. എല്ലാ മേഖലയിലും ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു.
ഏതാനും മാസങ്ങൾക്കുള്ളിൽ അൽഹറമൈൻ ട്രെയിനുകൾ പരിശീലനം നേടിയ വിദഗ്ധരായ സ്വദേശി വനിതകൾ ഓടിക്കുന്നത് കാണാം. അടുത്ത വർഷത്തിനുള്ളിൽ 18ഓളം തൊഴിലുകൾ പൂർണമായും സ്വദേശിവത്കരിക്കും. തൊഴിൽ മേഖലകളിൽ സ്വദേശികളുടെ അനുപാതം വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള ചില ജോലികൾ പൂർണമായും സ്വദേശിവത്കരിച്ചിട്ടുണ്ട്. കോ-പൈലറ്റ് ജോലികളിൽ സ്വദേശിവത്കരണം 100 ശതമാനമാകാറായി. പൈലറ്റ് ജോലികളും ഏതാണ്ട് സ്വദേശിവത്കരിക്കാൻ ഉദ്ദേശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെങ്കടലിന്റെയും അറേബ്യൻ ഗൾഫിന്റെയും തുറമുഖങ്ങളെ റെയിൽവേ വഴി ബന്ധിപ്പിക്കുന്ന കര-പാലം പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപഭാവിയിൽ ഇത് നടപ്പാക്കും. ആഗോള ലോജിസ്റ്റിക്കൽ കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ലാൻഡ് ബ്രിഡ്ജ് പദ്ധതി പോലുള്ള 30 പ്രധാന സംരംഭങ്ങൾ ഉൾപ്പെടെ 1,000 സംരംഭങ്ങൾ ദേശീയ ഗതാഗത തന്ത്രപ്രധാന ചട്ടക്കൂടിനുള്ളിലുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.