സ്വദേശിവത്കരണം; പുതുതായി നടപ്പാക്കുന്നത് 45 തീരുമാനങ്ങളെന്ന് മാനവശേഷി മന്ത്രാലയം
text_fieldsറിയാദ്: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് സൗദി മാനവ വിഭവശേഷി മന്ത്രാലയം പുതുതായി നടപ്പാക്കുന്നത് 45 തീരുമാനങ്ങൾ. മറ്റു ആറ് മന്ത്രാലയങ്ങളുമായി ചേർന്നാണ് സ്വദേശിവത്കരണ പ്രക്രിയകൾ പൂർത്തീകരിക്കുന്നത്. ഇതിന്റെ ഫലമായി എൻജിനീയറിങ് തൊഴിലുകളിൽ സ്വദേശികളുടെ എണ്ണം 40,000ൽ നിന്ന് 70,000 ആയും അക്കൗണ്ടിങ് തൊഴിലുകളിൽ 42,000ൽ നിന്ന് 1,03,000 ആയും വർധിച്ചു. നിരവധി സംരംഭങ്ങളിലൂടെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിച്ചു എന്നാണ് വിലയിരുത്തൽ.
മന്ത്രാലയം പുറത്തിറക്കുന്ന ‘തൊഴിൽ വിപണി ബുള്ളറ്റിനി’ൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023 രണ്ടാം പാദത്തിൽ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറയാൻ കാരണമായി. രാജ്യത്തെ തൊഴിൽ വിപണിയെ തൊഴിലന്വേഷകർക്ക് ആകർഷകമായ വിപണിയാക്കാനും ആഗോള വിപണിയിൽ മത്സരാധിഷ്ഠിതമാക്കുന്നതിനും മാനവ വിഭവശേഷി നിരവധി ശ്രമങ്ങളാണ് നടത്തിയത്. ഇത് വിഷൻ 2030 കൈവരിക്കുന്നതിന് വലിയ സംഭാവന നൽകി. ദേശീയ തലത്തിൽ വ്യക്തമായ ഫലങ്ങൾ കൈവരിച്ചു. 4.9 ശതമാനം നിരക്കോടെ 2022ലെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയുടെ വളർച്ച ജി 20 രാജ്യങ്ങളിൽ രാജ്യം ഒന്നാം സ്ഥാനം കൈവരിക്കുന്നതിന് ഇതു കാരണമായി. സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.7 ശതമാനമായി കുറക്കുന്നതിനും ഈ ശ്രമങ്ങൾ സഹായിച്ചു.
2025ഓടെ 300 തൊഴിൽ മേഖലകളിൽ 2000 വിദഗ്ധ ജോലികളിലെ നിലവാരം ഉയർത്താനാണ് മന്ത്രാലയം പ്രവർത്തിച്ചുവരുന്നത്. ഇതിനായി സ്വദേശികളുടെ ഉയർന്ന, ഇടത്തരം, താഴ്ന്ന തലത്തിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമായി വ്യക്തികൾക്ക് നൽകുന്ന ‘സ്കിൽസ് ആക്സിലറേറ്ററും പരിശീലന വൗച്ചർ’ സംരംഭങ്ങളും മന്ത്രാലയം ആരംഭിച്ചു. 126 പ്രഫഷനുകളിലായി സ്വകാര്യ മേഖലയിലെ 3,22,000ത്തിലധികം ജീവനക്കാരെ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 14 ദേശീയ കമ്പനികളുമായി സഹകരിച്ച്, സ്വകാര്യ മേഖലയെ പരിശീലനത്തിന് പ്രേരിപ്പിക്കുന്നതിനായി ദേശീയ പരിശീലന കാമ്പയിൻ ‘വഅദ്’ ആരംഭിച്ചു. 2023 ന്റെ ആദ്യ പകുതിയിൽ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ സംരംഭം വിജയിച്ചു. നിരവധിയാളുകൾക്ക് ഇതിലൂടെ പരിശീലനം നൽകാൻ സാധിച്ചു.
സമാന്തര പരിശീലന സംരംഭത്തിലൂടെ 2023ൽ 62,254 സ്ത്രീ ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം നൽകി. സംരംഭത്തിന്റെ ലക്ഷ്യത്തിൽ 62 ശതമാനം കൈവരിച്ചു. മന്ത്രാലയത്തിന് അതിന്റെ 80 ശതമാനത്തിലധികം സേവനങ്ങളും ഓട്ടോമേറ്റ് ചെയ്യാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. മൊത്തം 1000ലധികം ഡിജിറ്റൽ സേവനങ്ങൾ ഒരുക്കി. 2024ൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ 300 പുതിയ സേവനങ്ങൾ ചേർക്കാൻ ലക്ഷ്യമിടുന്നു. മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്ഫോം 50 ലക്ഷത്തിലധികം തൊഴിൽ കരാറുകളുടെ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം സംരക്ഷിക്കുന്നതിന് ഇതു വലിയ പങ്കുവഹിച്ചു. തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നത് 73 ശതമാനമായി ഉയർന്നു. തൊഴിൽ വ്യവസ്ഥയുടെ നിയന്ത്രണങ്ങളും തീരുമാനങ്ങളും പാലിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 92 ശതമാനത്തിലും സ്വദേശിവത്കരണ തീരുമാനങ്ങൾ പാലിക്കുന്നത് 98 ശതമാനത്തിലും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.