വ്യോമയാന തൊഴിൽ സ്വദേശിവത്കരണം; ആദ്യഘട്ടം പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വ്യോമയാന തൊഴിലുകളിലെ സ്വദേശിവത്കരണം ആദ്യഘട്ടം പ്രാബല്യത്തിൽ. ഈ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഈ മാസം 15 മുതൽ എല്ലാ തലത്തിലുമുള്ള വ്യോമയാന തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പാക്കാൻ ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സ്വദേശിവത്കരണത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിശ്ചയിച്ച സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനെ തുടർന്നാണ് ഇത്. രാജ്യത്തെ സ്ത്രീ-പുരുഷ പൗരന്മാർക്ക് മികച്ചതും ഉൽപാദനപരവുമായ തൊഴിലന്തരീക്ഷമൊരുക്കുന്നതിനും തൊഴിൽ വിപണിയിലും സാമ്പത്തികരംഗത്തും അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
ആദ്യഘട്ടത്തിൽ എയർ ട്രാഫിക് കൺട്രോളർ, എയർ നാവിഗേറ്റർ, ഗ്രൗണ്ട് ട്രാഫിക് കോഓഡിനേറ്റർ, കോപൈലറ്റ് എന്നീ നാലു തൊഴിലുകളാണ് പൂർണമായും സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്. കൂടാതെ, ‘ഫിക്സഡ് വിങ് പൈലറ്റ്’ എന്ന തസ്തികകളിൽ 60 ശതമാനവും ‘എയർഹോസ്റ്റസ്’ തസ്തികകളിൽ 50 ശതമാനവും സ്വദേശിവത്കരിക്കും.
ഏവിയേഷൻ പ്രഫഷനുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. സൗദികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കും. ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നൽകും. ഇതിനുവേണ്ടി ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.