സൗദിയിൽ ഇൻഷുറൻസ് വിൽപന ജോലികളിൽ സമ്പൂർണ സ്വദേശിവത്കരണം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി വിൽപന ജോലികളും സമ്പൂർണമായി സ്വദേശിവത്കരിക്കും. ഏപ്രിൽ 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഇൻഷുറൻസ് അതോറിറ്റി അറിയിച്ചു.
എല്ലാ വിഭാഗം ഇൻഷുറൻസുകൾക്കും ഇത് ബാധകമാണ്. പോളിസികളുടെ വിൽപനരംഗത്ത് ജോലി ചെയ്യുന്ന വിദേശികളെ ഈ തീരുമാനം ബാധിക്കും. രാജ്യത്തെ ഇൻഷുറൻസ് മേഖലയുടെ ഫലപ്രാപ്തിയെ പിന്തുണക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് പുതിയ തീരുമാനം.
ഇൻഷുറൻസ് മേഖലയിൽ സ്വദേശി തൊഴിൽ ശക്തിയെ പരിപോഷിപ്പിക്കാനും പിന്തുണക്കാനുമുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. സൗദി മന്ത്രിസഭ അംഗീകരിച്ച ഇൻഷുറൻസ് അതോറിറ്റി റെഗുലേഷൻസ് പ്രകാരം രാജ്യത്തെ ഇൻഷുറൻസ് ബിസിനസ് നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും അധികാരം ഇൻഷുറൻസ് അതോറിറ്റിക്കാണ്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനം.
ഇൻഷുറൻസ് വിൽപനയിൽ വിദഗ്ധരല്ലാത്ത ജീവനക്കാർക്ക് കമീഷൻ അനുവദിക്കില്ലെന്ന് റെഗുലേഷൻസ് അതോറിറ്റി ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഇൻഷുറൻസ് വിൽപന മേഖലയെ സ്വദേശിവത്കരിക്കാനുള്ള തീരുമാനം രാജ്യത്തെ മൊത്തം സ്വദേശിവത്കരണ നിരക്കിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഷുറൻസ് രംഗത്ത് താൽപര്യമുള്ള സ്വദേശികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇത് വലിയ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.