സൗദിയിലെ അമ്യൂസ്മെന്റ് പാർക്കുകളിലും വിനോദകേന്ദ്രങ്ങളിലും തൊഴിൽ സ്വദേശിവത്കരണം നടപ്പായി
text_fieldsജിദ്ദ: സൗദിയിലെ അമ്യൂസ്മന്റെ് പാർക്കുകളിലേയും വിനോദകേന്ദ്രങ്ങളിലേയും ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം നടപ്പായി. സ്വതന്ത്രവും സീസണുകളിൽ പ്രവർത്തിക്കുന്നതുമായ വിനോദ നഗരികളിലെയും കുടുംബ വിനോദ കേന്ദ്രങ്ങളിലെയും 70 ശതമാനവും മാളുകൾക്കുള്ളിലെ വിനോദ നഗരികളിലെ 100 ശതമാനവും തൊഴിലുകൾ സ്വദേശിവത്ക്കരിക്കുന്ന തീരുമാനമാണ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായതെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവിസ് എക്സിക്യുട്ടീവ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് എന്നീ ജോലികളിലാണ് സ്വദേശിവത്കരണം. എന്നാൽ ശുചീകരണ തൊഴിലാളി, പെയിൻറർ, പ്ലംബർ, തൊഴിലാളികൾക്കായുള്ള ബസ് ഡ്രൈവർ, ലോഡിങ് ആൻഡ് അൺലോഡിങ് ലേബർ, കഴിവുകളും പ്രത്യേക സർട്ടിഫിക്കറ്റുകളും ആവശ്യമായ ഗെയിം ഓപ്പറേറ്റർമാർ എന്നീ ജോലികളെ സ്വദേശിവത്കരണത്തിൽനിന്ന് ഒഴിവാക്കി.
ഈ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷം മാർച്ച് 31നാണ് മന്ത്രി എൻജി. അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്. തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലെയും തൊഴിലുകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശം മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. തസ്തികകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ അനുവദിച്ച കാലാവധി വെള്ളിയാഴ്ച (സെപ്റ്റംബർ 24) അവസാനിച്ചതോടെ നിയമം പൂർണാർഥത്തിൽ നടപ്പായി. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ ഇതര രാജ്യക്കാരെ നിയമിക്കുക, സൗദിവൽക്കരണ ശതമാനം പാലിക്കാതിരിക്കുക എന്നിവയാണ് നിയമലംഘനങ്ങൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വദേശികൾക്ക് ഉചിതമായ തൊഴിൽ അന്തരീക്ഷം സംജാതമാക്കുക ലക്ഷ്യമിട്ട് മന്ത്രാലയം നടപ്പാക്കി വരുന്ന തീരുമാനങ്ങളുടെ തുടർച്ചയാണ് അമ്യൂസ്മന്റെ് പാർക്കുകളിലേയും വിനോദ കേന്ദ്രങ്ങളിലേയും ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം. വിവിധ സർക്കാർ വകുപ്പുകളുമായും സ്വകാര്യമേഖലയുമായും സഹകരിച്ചാണ് ഇവ നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുകളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുകയും സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന ശക്തിപ്പെടുത്തുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.