മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കുന്നു
text_fieldsജിദ്ദ: മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിമാക്കുന്നു. മേഖലയിയെ തൊഴിൽ വിപണിയിൽ 40 മുതൽ 100 ശതമാനം വരെ സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തിന്‍റെ നടപടിക്രമ മാർഗരേഖ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. നിരവധി ചെറുകിട സ്ഥാപനങ്ങൾ സ്വദേശിവത്കരിക്കുന്നതിലുൾപ്പെടും.
40 ശതമാനം സ്വദേശവത്കരണം നടപ്പിലാക്കേണ്ട സ്ഥാപനങ്ങൾ
റെസ്റ്റോറൻറുകൾ, മത്ബഖുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജൂസ് കടകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 40 ശതമാനം സ്വദേശിവത്കരിക്കും. ഒരു ഷിഫ്റ്റിൽ നാല് തൊഴിലാളികളോ അതിൽ കൂടുതൽ ആളുകളോ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകമാകുക. ഇളവുകളുള്ള തൊഴിലുകൾക്ക് ബാധകല്ല.
50 ശതമാനം സ്വദേശവത്കരണം നടപ്പിലാക്കേണ്ട സ്ഥാപനങ്ങൾ
സ്വതന്ത്രമായ കെട്ടിടത്തിലോ അല്ലാത്തതോ, മാളുകൾ, കച്ചവട കോപ്ലക്സുകൾ എന്നിവക്കുള്ളിൽ പ്രവർത്തിക്കുന്ന കഫേകൾ, ഐസ്ക്രീം പാർലറുകൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം സ്വദേശിവത്കരിക്കും. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിലാണ് ഈ ശതമാനം ബാധകമാകുക. കൂടാതെ ഭക്ഷണ പാനീയങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും 50 ശതമാനം സ്വദേശിവത്കരിക്കും. ശുചീകരണം, ചരക്ക് കയറ്റിറക്ക് ജോലികളിലേർപ്പെട്ടവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരുടെ ശതമാനം ഒരു ഷിഫ്റ്റിൽ സെയിൽസ് ഔട്ട്‌ലെറ്റിലെ തൊഴിലാളികളുടെ 20 ശതമാനം കവിയരുത്.
മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രസൻററീവ് ജോലികളിൽ 40 ശതമാനവും അക്കൗണ്ടിങ് ജോലികളിൽ 100 ശതമാനവുമായിരിക്കും സ്വദേശിവത്കരണമെന്ന് ഗൈഡ് ലൈനിലുണ്ട്. 300 ചതുരശ്ര മീറ്ററിൽ കുറവുള്ള കാർ റിപ്പയറിങ്, ഇന്ധനം നിറയ്ക്കൽ, ഗ്യാസ് സിലിണ്ടറുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, എല്ലാത്തരം വർക്ക്ഷോപ്പുകൾ, നഴ്സറികൾ, ചെറിയ വിസ്തൃതിയുള്ള വിൽപ്പന ഔട്ട്ലറ്റുകൾ എന്നിവക്ക് ഇളവുണ്ട്. ഈ സ്ഥാപനങ്ങൾ 300 ചതുരശ്ര മീറ്റിൽ കൂടുതലാണെങ്കിൽ ഇളവ് ബാധകമല്ല. വ്യക്തമാക്കിയ തൊഴിലുകളുടെ കോഡുകൾ അനുസരിച്ച് മദീന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് ഗൈഡിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.