സ്വദേശിവത്കരണം: എൻജിനീയറിങ് മേഖലയെ ശാക്തീകരിക്കും –സൗദി എൻജിനിയേഴ്സ് കൗൺസിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ എൻജിനീയർ തസ്തികയിൽ 20 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നത് എൻജിനീയറിങ് മേഖലയെ ശാക്തീകരിക്കുമെന്ന് സൗദി എൻജിനിയേഴ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു.സൗദിവത്കരണം നടപ്പാക്കാൻ സൗദി മാനവ വിഭവശേഷി മന്ത്രാലയമെടുത്ത തീരുമാനം യോഗ്യരായ സ്വദേശി എൻജിനീയർമാരാൽ എൻജിനീയറിങ് മേഖല വികസിപ്പിക്കാനുള്ള താൽപര്യം മുൻനിർത്തിയാണെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി എൻജി. ഫർഹാൻ അൽശമ്മരി പറഞ്ഞു. ഇൗ തീരുമാനം ഇൗ വർഷംതന്നെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും 7000ത്തോളം പുരുഷ, വനിത എൻജിനീയർമാരെ നിയമിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി എൻജിനീയർമാർ കാത്തിരുന്ന തീരുമാനമാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ റാജിഹി പുറപ്പെടുവിച്ചത്. അതിന് മന്ത്രിയോട് പ്രത്യേക നന്ദിയുണ്ടെന്നും എൻജി. ഫർഹാൻ അൽശമ്മരി പറഞ്ഞു.
സ്വദേശികളായവരെ അനുയോജ്യമായ ജോലികളിൽ നിയോഗിക്കുന്നതിനും അതിലൂടെ തൊഴിൽ രംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എൻജിനീയറിങ് രംഗത്ത് 117 തൊഴിലുകളെയാണ് തീരുമാനം ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട വകുപ്പുകളുമായി സംയുക്ത സമിതി കൂടിയാലോചിച്ചും ശിൽപശാലകൾ നടത്തിയുമാണ് തീരുമാനം വന്നത്. കൗൺസിലിനു കീഴിൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വേണ്ട പിന്തുണയും സഹകരണവും തുടർന്നുമുണ്ടാകും. എൻജിനീയറിങ് കൗൺസിലിൽ അംഗത്വമുള്ളവർക്കാണ് നിയമനം ലഭിക്കുക.
അംഗീകൃത എൻജിനീയർമാരല്ലാത്തവരെ സ്വദേശീവത്കരണ അനുപാതത്തിൽ ഉൾപ്പെടുത്തുകയില്ല.സ്വദേശിവത്കരണ അനുപാതം 20 ശതമാനമാക്കിയും കുറഞ്ഞ വേതനം 7,000 റിയാലാക്കി നിശ്ചയിച്ചുമാണ് എൻജിനീയറിങ് മേഖലയെ ശാക്തീകരിക്കുന്നതിന് സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.