സൗദിയിൽ 2024ൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തും;1,72,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും -മാനവ വിഭവശേഷി മന്ത്രി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ 2024ൽ സ്വദേശിവത്കരണത്തിലൂടെ സ്വദേശി പൗരൻമാർക്കായി 1,72,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി. നിലവിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശി പൗരരുടെ എണ്ണം 23 ലക്ഷമായി ഉയർന്നെന്നും സ്ത്രീ ജീവനക്കാരുടെ എണ്ണം 35.3 ശതമാനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷ ബജറ്റ് സംബന്ധിച്ച ചർച്ച സമ്മേളനത്തിൽ ‘സേവന വികസനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ബജറ്റ്’ എന്ന സംവാദ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2024 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ പൊതുബജറ്റ് അവതരിപ്പിച്ച വേളയിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു. പൊതുബജറ്റ് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വളർച്ച, സുസ്ഥിരത, സാമ്പത്തിക സ്ഥിരത എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭരണനേതൃത്വത്തിന്റെ പിന്തുണ പൗരർക്കും താമസക്കാർക്കുമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023ൽ മന്ത്രാലയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 17 ലക്ഷത്തിൽനിന്ന് 23 ദശലക്ഷമായി വർധിച്ചത്. അവരിൽ 3,61,000 പേർ പുതുതായി ജോലിയിൽ പ്രവേശിച്ചവരാണ്. തൊഴിൽ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 17 ശതമാനത്തിൽനിന്ന് 35.3 ശതമാനമായി കുത്തനെ ഉയർന്നു. ഇത് 40 ശതമാനമായി ഉയർത്തണമെന്ന കിരീടാവകാശിയുടെ നിർദേശം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി മന്ത്രാലയം മുന്നോട്ട് പോവുകയാണ്. സ്വദേശിവത്കരണത്തെ തുടർന്ന് എൻജിനീയറിങ് തൊഴിലുകളിൽ സൗദി പൗരരുടെ പങ്കാളിത്ത നിരക്ക് 40,000ൽനിന്ന് 70,000 ആയി വർധിപ്പിക്കാൻ കഴിഞ്ഞു.
അക്കൗണ്ടിങ് ജോലികളിലെ നിരക്ക് 42,000ത്തിൽനിന്ന് 10,3000 വരെയായി ഉയർന്നു. 2023ൽ ഒരു ലക്ഷത്തിലധികം യുവതീയുവാക്കളെ ശാക്തീകരിക്കാനും അവരിലെ സഹായം ആവശ്യമുള്ള കുടുംബങ്ങളെ ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളാക്കി മാറ്റാനും കഴിഞ്ഞു.
2024ൽ ആറ് സുപ്രധാന മേഖലകളിൽ 1,72,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള രണ്ടാംഘട്ട സ്വദേശിവത്കരണ പരിപാടി ആരംഭിക്കും. ഇതാണ് മന്ത്രാലയത്തിന്റെ 2024ലെ പ്രധാന കർമപദ്ധതികളിൽ ഒന്ന്. ദേശീയ നൈപുണ്യ തന്ത്രം ആരംഭിക്കുകയും സജീവമാക്കുകയും ചെയ്യും.
ബ്രാഞ്ച് സന്ദർശിക്കുന്നതിന് മുമ്പ് ഗുണഭോക്താക്കൾക്കായി ഒരു സജീവ ആശയവിനിമയ സേവനം ആരംഭിക്കും. വീടുകളിലെ സേവനത്തിന് വെർച്വൽ ബ്രാഞ്ച് സേവനം എന്നിവ ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.