ഇന്ദിര ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഭരണാധികാരി –ദമ്മാം ഒ.െഎ.സി.സി
text_fieldsദമ്മാം: ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി 'ഇന്ത്യയുടെ സ്വന്തം പ്രിയദർശിനി' എന്ന പേരിൽ സഘടിപ്പിച്ച ഇന്ദിര സ്മൃതി സംഗമം അഭിപ്രായപ്പെട്ടു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ ഇന്ദിര ഗാന്ധി വഹിച്ച പങ്ക് ചരിത്ര രചന നടത്തുന്ന ഒരാൾക്കും വിസ്മരിക്കാൻ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദമ്മാം മീഡിയ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ പറഞ്ഞു. അടിയന്തരാവസ്ഥയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയ ജനം, പിന്നീട് 'ഇന്ദിരയെ വിളിക്കു ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി തെരുവിൽ ഇറങ്ങുകയും ചെയ്ത കാഴ്ച ഒരു ജനനേതാവ് എന്ന നിലയിൽ ജനകീയത അടയാളപ്പെടുത്തിയ നിമിഷങ്ങളായിരുന്നെന്നും സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു. വിഘടനവാദികളോട് സന്ധിയില്ലാത്ത നിലപാടുകളെടുക്കുമ്പോഴും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിച്ചിരുന്നു.
അതുകൊണ്ടാണ് സിഖ് വംശജരെ സുരക്ഷാ സേനയിൽ നിന്നും ഒഴിവാക്കണമെന്ന സുരക്ഷ നിർദേശങ്ങളെപ്പോലും തള്ളിക്കളഞ്ഞതെന്നും അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ദമ്മാം റീജനൽ പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി നിർവാഹക സമിതിയംഗവും ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറുമായ അഹമ്മദ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ചന്ദ്രമോഹൻ, രാധികാ ശ്യാംപ്രകാശ്, ബുർഹാൻ ലബ്ബ എന്നിവർ സംസാരിച്ചു. റീജനൽ വൈസ് പ്രസിഡൻറ് ഹനീഫ് റാവുത്തർ സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. റീജനൽ കമ്മിറ്റി ഭാരവാഹികളായ നിസാർ മാന്നാർ, അബ്ബാസ് തറയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.