ഇന്തോ അറബ് വുമൺ എക്സലൻസ് അവാർഡ്; ഷബ്നയുടെ നേട്ടങ്ങൾക്ക് ഗൾഫ് മാധ്യമത്തിന്റെ കൈയൊപ്പ്
text_fieldsദമ്മാം: പെൺകരുത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത് സൗദിയിലെ വ്യവസായ മേഖലയിൽ വിജയത്തിെൻറ പടവുകൾ ചവിട്ടിക്കയറിയ പ്രവാസി സംരംഭക എന്നതാണ് ഷബ്നയുടെ വിശേഷണം. സൗദിയുടെ മാറിയ സാഹചര്യങ്ങളെ അതിവിദഗ്ദമായി ഉപയോഗപ്പെടുത്തി ചെറുപ്പം മുതൽ താൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാതകാര നെറുകയിൽ കയറിനിന്ന ഈ മലപ്പുറം തിരുർ സ്വദേശിനിക്ക് അംഗീകാരത്തിെൻറ കൈയ്യൊപ്പായി ‘ഗൾഫ് മാധ്യമ’ത്തിെൻറ ആദരം.
ഗൾഫ് മാധ്യമത്തിന്റെ 2024ലെ ഇന്തോ അറബ് വുമൺ എകസ്ലൻസ് അവാർഡാണ് ഷബ്നയെ തേടിയെത്തിയത്. തീരാത്ത പോരാട്ടത്തിനൊടുവിൽ കുന്നോളമുള്ള സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കി ഇന്ത്യക്ക് അഭിമാനമായി സൗദിയുടെ മണ്ണിൽ സ്വന്തമായൊരു വാണിജ്യ സ്ഥാപനം പടുത്തുയർത്തിയത് പരിഗണിച്ചാണ് അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടത്. പ്രവാസത്തിൽ മാതൃരാജ്യത്തിന് അഭിമാനകരമാംവിധം നേട്ടങ്ങൾ കൊയ്തവരെയാണ് ഈ അവാർഡിന് പരിഗണിക്കുക. ദമ്മാമിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച റെയ്നി നൈറ്റ് മെഗാഷോയിൽ ആയിരങ്ങളെ സാക്ഷി നിർത്തി ചീഫ് എഡിറ്റർ ഹംസ അബ്ബാസും പ്രശസ്ത ചലച്ചിത്ര താരം അപർണ ബാലമുരളിയും ചേർന്ന് ഷബ്നക്ക് അവാർഡ് സമ്മാനിച്ചു.
മൂന്നര വയസ്സിൽ ഉപ്പ മരണപ്പെട്ട ഷബ്നക്ക് വല്യുമ്മയുടെ ആഗ്രഹാനുസരണം 15ാം വയസ്സിൽ വൈവാഹിക ജീവിതത്തിലേക്ക് കടക്കേണ്ടിവന്നു. എന്നാൽ, ജീവിതത്തിൽ കൂട്ടുവന്ന നവാസ് തന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുന്നയാളാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറിയ പ്രായത്തിൽ വിവാഹിതയാവേണ്ടിവന്നതിന്റെ സങ്കടങ്ങളെല്ലാം അകന്നുപോയി. കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും അത് സാക്ഷാത്കരിക്കാനുമുള്ള ശ്രമത്തിൽ ധൈര്യപൂർവം ഏർപ്പെട്ടു.
ആദ്യ പ്രസവം കഴിഞ്ഞ് ആറാം മാസം പ്ലസ്ടുവിന് പഠിക്കാൻ ചേർന്നു. ആറുമാസം പ്രായമായ കുഞ്ഞിനെ ഉമ്മയുടെ കൈകളിലേൽപ്പിച്ചായിരുന്നു വിദ്യാലയത്തിലേക്കുള്ള ആ മടക്കം. അത് ചാർട്ടേഡ് അക്കൗണ്ട് പഠനത്തിലെത്തിയാണ് അവസാനിച്ചത്. ഇതിനിടയിൽ ഭർത്താവിനൊപ്പം സൗദിയിലെത്തി.
അധികം വൈകാതെ റിയാദ് കേന്ദ്രമായ ടി.സി.എസ് എന്ന ബിസിനസ് കൺസൾട്ടൻറ് കമ്പനിയിൽ ജീവനക്കാരിയായി. റിയാദിലെ അമീറ നൂറ യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന യുവതികൾക്ക് സംരംഭങ്ങൾ ആരംഭിക്കാനും മറ്റും മാർഗനിർദേശം നൽകുന്നതായിരുന്നു കമ്പനിയുടെ പ്രവർത്തന മേഖല. കോവിഡ് കാലം വരെ ഏതാണ്ട് ഒമ്പത് വർഷം ഇൗ സ്ഥാപനത്തിൽ ജോലി ചെയ്തത് ഷബ്നയെ സൗദി വിപണിയെക്കുറിച്ച് കൃത്യമായ നിയമവശങ്ങൾ അറിയുന്ന ഒരാളാക്കി മാറ്റി. ഇളയ മകൾ ഐറയുടെ പ്രസവത്തിനായി അവധിയെടുത്തു. ആ കാലത്താണ് സ്വന്തമായി കച്ചവടം തുടങ്ങാൻ ആഗ്രഹിക്കുന്നവർ പലരും കൃത്യമായ വിവരങ്ങൾ അറിയാതെ വഴിമുട്ടുന്നത് ഷബ്ന മനസ്സിലാക്കുന്നത്. അവരിൽ പലർക്കും പലപ്പോഴും വഴികാട്ടിയാവാൻ അവസരം കൈവന്നു. അതോടെയാണ് സ്വന്തമായൊരു കൺസൾട്ടൻസി സ്ഥാപനം എന്ന ചിന്ത മനസിൽ ഉദിക്കുന്നത്. അങ്ങനെയാണ് രണ്ടുവർഷം മുമ്പ്, അതായത് 32ാമത്തെ വയസിൽ ‘അറബ് ഇൻവെസ്റ്റേഴ്സ് ചോയിസ്’ എന്ന സ്ഥാപനത്തിനുതുടക്കംകുറിച്ചത്.
നിരവധി പേരുടെ ജീവിതവഴികളിൽ വെളിച്ചവും തെളിച്ചവുമായി ഷബ്നവും സംഘവും ഒപ്പം കൂടിയതോടെ
സ്ഥാപനത്തിന്റെ വളർച്ച അതിവേഗമായിരുന്നു. ഏതാണ്ട് എല്ലാ ജി.സി.സി രാജ്യങ്ങൾക്കുമപ്പുറത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുപോലും ഷബ്നക്ക് ഇപ്പോൾ കസ്റ്റമേഴ്സ് ഉണ്ട്. പരേതനായ സഖാവ് നെച്ചി ഏങ്ങൾകുന്നിേൻറയും ഖദീജയുടെയും മകളാണ്. ഭർത്താവ് നവാസും മക്കളായ സാറ, അഹമ്മദ്, ഐറ എന്നിവരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.