വ്യവസായ മേഖല: വനിത ജീവനക്കാരുടെ എണ്ണത്തിൽ 120 ശതമാനം വർധന
text_fieldsജുബൈൽ: സൗദിയിലെ വ്യവസായ മേഖലയിലുള്ള വനിത ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 120 ശതമാനത്തിെൻറ വർധന. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളജി സോണിനു (മോഡോൺ) കീഴിൽ വ്യവസായിക നഗരങ്ങളിൽ നിലവിൽ 17,000 സൗദി വനിത ജീവനക്കാരുണ്ടെന്ന് മോഡോൺ വക്താവും ഡയറക്ടറുമായ ഖുസൈ അൽ അബ്ദുൽ കരീം പറഞ്ഞു.
2018 അവസാനത്തോടെ 7860 ജീവനക്കാരിൽനിന്ന് 120 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിെൻറ വ്യവസായിക മേഖലയിലും സാമ്പത്തിക വികസനത്തിലും സ്ത്രീ ശാക്തീകരണം വർധിപ്പിക്കുകയും വിഷൻ 2030െൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നതിെൻറ ഫലമാണിത്. വ്യവസായിക മേഖലയിലെ വനിതകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നു.
വ്യവസായിക നഗരങ്ങളിലെ സ്ത്രീനിക്ഷേപകരുടെയും ജീവനക്കാരുടെയും പങ്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുള്ള സമഗ്രമായ കാഴ്ചപ്പാടിനനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. വ്യവസായിക നഗരങ്ങളിൽ നൽകുന്ന ഉൽപന്നങ്ങൾ, സേവനങ്ങൾ, ധനകാര്യ പരിഹാരങ്ങൾ എന്നിവയുടെ ശക്തമായ സ്വാധീനം മേഖലയിൽ സൗദി വനിതകളെ ആകർഷിക്കുന്നതിന് കാരണമായി. മധ്യമേഖലയിലെ 12 വ്യവസായിക നഗരങ്ങളിൽ 11,750 പേരും പടിഞ്ഞാറൻ മേഖലയിലെ 14 വ്യവസായ നഗരങ്ങളിൽ 3500ഉം കിഴക്കൻ മേഖലയിലെ 10 വ്യവസായ നഗരങ്ങളിൽ 1750ഉം വനിത ജീവനക്കാരുമുണ്ടെന്ന് അബ്ദുൽ കരീം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.